അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു. മുത്തങ്ങ കല്ലൂരിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററിലാണ് പരിശോധന. അതിര്‍ത്തി കടന്നെത്തുന്നവര്‍ 48 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ ഫലംകയ്യില്‍ കരുതണം. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
കൊവിഡ് രണ്ടാംതരംഗം രൂക്ഷമായി തുടരുകയും, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന അതിര്‍ത്തികളില്‍ സംസ്ഥാനം വീണ്ടും പരിശോധന ശക്തമാക്കുന്നത്. റവന്യു പൊലിസ് ആരോഗ്യവകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുക. സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങ കല്ലൂരിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററിലാണ് ഇതിനായി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തഹസില്‍ദാറുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി സെന്റര്‍ പരിശോധിച്ച് സംവിധാനങ്ങള്‍ഒരുക്കുകയുംചെയ്തു. ഇനിമുതല്‍ അതിര്‍ത്തികടന്നെത്തുന്നവരെ സെന്ററില്‍ പരിശോധനയക്ക് വിധേയമാക്കിയെ കടത്തിവിടുകയുള്ളു.
അതിര്‍ത്തികടന്നെത്തുന്നവര്‍ മുമ്പത്തേതുപോലെ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഇത് അതിര്‍ത്തികളില്‍ പരിശോധിക്കും. കൂടാതെ 48മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കയ്യില്‍ കരുതണം. ആര്‍ടിപിസിആര്‍ എടുക്കാതെ എത്തുന്നവര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്നും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി ഫലം വരുന്നതുവരെ റൂം ഐസലേഷനില്‍ കഴിയുകയും വേണം. വാക്‌സിനെടുത്തവര്‍ക്കും അതിര്‍ത്തികടന്നെത്തണമെങ്കില്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.