തൃശ്ശിലേരി പള്ളി ഇനി മലബാറിന്റെ കോതമംഗലം; മോര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത

0

സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് തൃശ്ശിലേരി പള്ളി ഇനി മലബാറിന്റെ കോതമംഗലം. മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി മാറിയ തൃശ്ശിലേരിയും മോര്‍ ബസേലിയോസ് യാക്കോബായ പളളിയും രാജ്യത്തിന് മാതൃകയാണെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് പറഞ്ഞു. കോതമംഗലം ചെറിയപള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പളളിയില്‍ സ്ഥാപിച്ച ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. തൃശ്ശിലേരി പള്ളി ഇനി ‘മലബാറിന്റെ കോതമംഗലം’ എന്ന് അറിയപ്പെടണമെന്നും മെത്രാപ്പോലീത്ത കല്‍പ്പിച്ചു. തൃശ്ശിലേരി ശിവക്ഷേത്രത്തില്‍ നിന്നും തൃശ്ശിലേരി ജുമാമസ്ജിദില്‍ നിന്നുമാണ് തിരുശേഷിപ്പ് സ്ഥാപന ചടങ്ങില്‍ നേര്‍ച്ച സദ്യ ഒരുക്കാനുള്ള ആദ്യ അരിയും തേങ്ങയും നല്‍കിയത്. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ്, അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം, ഡല്‍ഹി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ യൗസേബിയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് തിരുശേഷിപ്പ് സ്ഥാപിച്ചത്.

വികാരി ഫാ. ജോര്‍ജ് നെടുന്തള്ളി, കിഴക്കേക്കര ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. മത്തായി അതിരംപുഴ, ഫാ. പി.സി. പൗലോസ്, ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. ബേസില്‍ കരിനിലത്ത്, ഫാ. എല്‍ദോ വെങ്കടത്ത്, ഫാ. എല്‍ദൊ കൂരന്‍താഴത്ത്, ഫാ. ഷാന്‍ ഐക്കരക്കുഴി, ഫാ. സിനു ചാക്കോ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. സിനു ചാക്കോ, ട്രസ്റ്റി ബേബി മേച്ചേരി, സെക്രട്ടറി ഷാജി മൂത്താശ്ശേരി എന്നിവര്‍ ചേര്‍ന്ന് തിരുഷേഷിപ്പ് സ്വീകരിച്ചു. തൃശിലേരി ശിവക്ഷേത്ര യോഗം പ്രസിഡന്റ് സുമിത്രന്‍, കൊടികുളം ബാബു എന്നിവര്‍ തിരുശേഷിപ്പിന് ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് വാഹനഘോഷയാത്രയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച രഥത്തിലാണ് തിരുശേഷിപ്പ് എഴുന്നള്ളിച്ചത്.ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ പളളിക്കവാടത്തില്‍ തിരുശേഷിപ്പ് പ്രയാണത്തിന് സ്വീകരണം നല്‍കി. വികാരി ഫാ. തോമസ് തൈക്കുന്നംപുറം, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. ബിജു എന്നിവര്‍ പ്രസംഗിച്ചു.

ഒണ്ടയങ്ങാടി കവലയില്‍ പരുമലനഗര്‍ മോര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പളളിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി. വലിയകുന്നേല്‍ ചാക്കോ, വി.എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പളളിക്കവലയില്‍ തൃശിലേരി പൗരാവലി ഒരുക്കിയ സ്വീകരണത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തൃശിലേരി സെന്റ് ജോര്‍ജ് പളളി വികാരി ഫാ. പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡാനിയല്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പളളി ക്കവലയില്‍ നിന്ന് സര്‍വ്വമത പ്രദക്ഷിണമായി തിരുശേഷിപ്പ് ദേവാലയത്തിലേക്ക് ആനയിച്ചു. കോതമംഗലം ബാവായെ ദേവാലയത്തിലേക്ക് വഴി കാണിച്ച നായര്‍ കുടുംബത്തെ അനുസ്മരിപ്പിച്ച് തിരുശേഷിപ്പ് എഴുന്നളളത്തിന് തൂക്കുവിളക്കെടുത്തത് ഉദയകുമാര്‍ കണിവരമൂലയാണ്. ട്രസ്റ്റി പി.കെ. സ്‌കറിയ, സെക്രട്ടറി പി.കെ. ജോണി, ജനറല്‍ കണ്‍വീനര്‍ സി.എം. എല്‍ദോ എന്നിവര്‍ നേതൃത്വം നല്‍കി. സന്ധ്യാ പ്രാര്‍ഥനക്ക് ശേഷം തിരുശേഷിപ്പ് പ്രത്യേകം നിര്‍മ്മിച്ച പേടകത്തില്‍ സ്ഥാപിച്ചു. എന്റെ ബാവാ എന്ന സിഡിയുടെ പ്രകാശനം, വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര ആദരിക്കല്‍ എന്നിവയും നടന്നു. നാലിന് അഭിവദ്യ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, പ്രസംഗം, കുട്ടികളെ എഴുത്തിനിരുത്തല്‍, കാക്കവയല്‍ പളളിക്കവല കുരിശടികളിലേക്ക് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച ഭക്ഷണം എന്നിവ നടന്നു. വിവിധ വിഭാഗങ്ങളിലേയി അഞ്ച് ലക്ഷത്തിലേറെ രൂപയുടെ ജീവകാരുണ്യ സഹായ വിതരണവും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!