പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ല;സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെ കൊളഗപ്പാറ ചൂരിമല പ്രദേശത്തെ 250 ഓളം കുടുംബങ്ങളാണ് വാസയോഗ്യമായ വീടുകള്‍ പോലുമില്ലാതെ ദുരിതത്തിലായിരിക്കുന്നത്.മധ്യപ്രദേശ് സര്‍ക്കാറിന്റെ അധീനതയിലുള്ള ബീനാച്ചി എസ്‌റ്റേറ്റില്‍പെട്ടതിനാലാണ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തത്.
കുടിയേറ്റ കാലത്ത് ഇവിടെയെത്തി ഭൂമി വെട്ടിതെളിച്ച് കൃഷിചെയ്തു ജീവിച്ചുവരുന്ന കുടുംബങ്ങളാണ് ഇപ്പോഴും ഭൂമിക്ക് പട്ടയം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. റവന്യുഭൂമി ആണന്ന് കരുതിയാണ് കുടുംബങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ താമസം ആരംഭിച്ചത്. എന്നാല്‍ പട്ടയത്തിന്നായി ശ്രമം നടത്തിയപ്പോഴാണ് ഭൂമി മധ്യപ്രദേശ് സര്‍ക്കാറിന്റെ അധീനതയിലുള്ള ബീനാച്ചി എസ്‌റ്റേറ്റിന്റേതാണന്ന് കുടുംബങ്ങള്‍ അറിയുന്നത്. ഇതോടെ പട്ടയം എന്ന സ്വപ്‌നവും ഇവര്‍ക്ക് ഇല്ലാതായി. ഇതോടെ സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെയുമായി. നിലവില്‍ തകര്‍ന്നുവീഴാറായ വീടുകളിലും താല്‍ക്കാലിക കൂരകളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. അതിലൊരു കുടുംബമാണ് അരനൂറ്റാണ്ടായി ഇവിടെ താമസിക്കുന്ന 75കാരനായ കച്ചേരിമേക്കല്‍ രാമന്‍കുട്ടിയുടേത്. പട്ടയം ലഭിക്കാത്തതിനാല്‍ വീടെന്ന് സ്വപ്‌നം ഇവര്‍ക്ക് ഇപ്പോഴും അന്യമാണ്. ഇതേഅവസ്ഥയാണ് സമീപത്ത് താമസിക്കുന്ന മഹേഷിന്റെതും. ഏതുസമയം തകര്‍ന്നുവീഴാറായ കൂരക്കുളളിലാണ് മഹേഷ് കഴിയുന്നത്. ഇനിയെങ്കിലും ഭൂമിക്ക് പട്ടയം ലഭിക്കുമെന്നും വീടെന്ന സ്വപ്‌നം പൂവണിയുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.