പൊതുജനങ്ങളെ കബളിപ്പിക്കുന്നു: എല്‍.ഡി.എഫ്
മാനന്തവാടി നഗരസഭ ഭരണ സമിതി വസ്തുനികുതി പരിഷ്‌കരണത്തിന്റെ പേരില്‍ പൊതുജനങ്ങളെ കബളിപ്പിക്കുന്നതായി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍. ഭരണ സമിതി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
നഗരസഭയിലെ കെട്ടിട നികുതി പരിഷ്‌കരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാതെ വഞ്ചിക്കുകയാണ് യു.ഡി.എഫ് ഭരണ സമിതി ചെയ്യുന്നത്.
നിലവില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുള്‍പ്പെടെയുള്ള ആളുകള്‍ക്ക് നികുതി കുടിശിക അടക്കാനുണ്ടെന്ന ഡിമാന്‍ഡ് നോട്ടീസ് നല്‍കുകയും അല്ലാത്ത പക്ഷം ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ നഗരസഭയിലെ കെട്ടിട നികുതി പരിഷ്‌കരണം 2016 ന് ശേഷം പുതിയ കെട്ടിടങ്ങള്‍ പണിയുകയോ പഴയ കെട്ടിടത്തില്‍ മാറ്റം വരുത്തുകയോ ചെയ്ത ചെറിയ ശതമാനം വരുന്ന ആളുകള്‍ക്ക് മാത്രമേ പരിഷ്‌കരണത്തിന്റെ ഭാഗമായ വര്‍ദ്ധനവ് ഉണ്ടാകൂ.
എന്നാല്‍ എല്ലാ കെട്ടിടങ്ങള്‍ക്കും നികുതി വര്‍ദ്ധിക്കുമെന്ന തെറ്റിദ്ധാരണ പരത്തുന്നതിനായി മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ കെട്ടിട ഉടമസ്ഥര്‍ക്കും വലിയ നികുതി ചുമത്തിയ നോട്ടീസുകള്‍ ജീവനക്കാരുടെ പക്കല്‍ കൊടുത്ത് വിട്ടു കൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണെന്നും മാനന്തവാടി നഗരസഭയില്‍ ചട്ടപ്രകാരം യോഗ നടപടികള്‍ നടക്കുന്നില്ലെന്നും ഒരുമാസം മുന്‍പ് നടന്ന യോഗത്തിന്റെ മിനുട്‌സ് പോലും ക്ലോസ് ചെയ്ത് അംഗങ്ങള്‍ക്ക് നല്‍കാതെ ചട്ടം ലംഘിക്കുകയാണെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കുറ്റപെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുള്‍ ആസിഫ്, വി ആര്‍ പ്രവീജ്, വിപിന്‍ വേണുഗോപാല്‍, സീമന്ദിനി സുരേഷ്, ഉഷ കേളു, സിനിബാബു, ഷൈനി ജോര്‍ജ് , പി വൈ തങ്കമണി തുടങ്ങിയവര്‍ പങ്കെടുത്തു.