വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം; റെയില്‍ ഫെന്‍സിംഗ് നാടിന് സമര്‍പ്പിച്ചു

0

ജില്ലയില്‍ മനുഷ്യ വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിനായി നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ റെയില്‍ ഫെന്‍സിംഗ് വനം വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നാടിന് സമര്‍പ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന നീണ്ട കാലത്തെ പൊതുജനങ്ങളുടെ പരാതിയ്ക്ക് പരിഹാരമായാണ് റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചത്. വനം വകുപ്പ് ജീവനക്കാര്‍ രാപ്പകല്‍ ഭേദമില്ലാതെ കാവല്‍ നിന്നിട്ടും ജില്ലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം തടയാന്‍ സാധിക്കാത്ത സാഹചര്യത്തിനാണ് ഇതിലൂടെ പരിഹാരമായതെന്ന് മന്ത്രി പറഞ്ഞു.

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ സത്രംകുന്ന് മുതല്‍ പൂതാടി ഗ്രാമപഞ്ചായത്തിലെ മൂടകൊല്ലി വരെയുള്ള പത്ത് കിലോമീറ്റര്‍ വനാതിര്‍ത്തിയിലാണ് റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചത്. 15.12 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കിഫ്ബി ഫെയ്‌സ് 1 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു, ബത്തേരി നഗരസഭ കൗണ്‍സിലര്‍മാരായ മേഴ്‌സി ടീച്ചര്‍, പ്രജിത, ഷൗക്കത്ത്, പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രുക്മിണി സുബ്രഹ്മണ്യന്‍, ധന്യ സാബു, കോഴിക്കോട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ. ദേവപ്രസാദ്, കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. ധനേഷ്‌കുമാര്‍, കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. ആസിഫ്, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!