കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി സംസ്ഥാനങ്ങൾ. ഒടിടവേളയ്ക്ക് ശേഷം രോഗവ്യാപനം ആശങ്ക ഉയർത്തുന്ന തരത്തിൽ വർധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ് പ്രത്യേകിച്ച് മുംബൈയില്‍. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ഇവിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ പ്രകടമായ വർധനവ് തന്നെയുണ്ടായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ചിലയിടങ്ങളിൽ ലോക്ക്ഡൗൺ അടക്കം കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
അമരാവതി, മുംബൈ, നാഗ്പൂർ, പൂനെ, പിംപ്രി ചിഞ്ച്‌വാഡ്, നാസിക്, ഔറംഗബാദ്, താനെ, നവി മുംബൈ, കല്യാൺ-ഡോംബിവ്‌ലി, അകോല, യവത്മാൽ, വാഷിം, ബുൾദാന എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരിക്കുന്നത്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങി കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. മത-സാമൂഹിക-രാഷ്ട്രീയ കൂട്ടായ്മകൾക്ക് വിലക്കുണ്ട്. അതുപോലെ തന്നെ ആൾക്കൂട്ടത്തെ ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയ പ്രതിഷേധ പരിപാടികൾക്കും താത്ക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മാത്രം മഹാരാഷ്ട്രയിൽ 5210 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,06,094 ആയി ഉയർന്നു. ഇതിൽ 19,99,982 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 53,113 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 51,806 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച മറ്റൊരു സംസ്ഥാനം രാജസ്ഥാനാണ്. നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ചാണ് കോവിഡ് വ്യാപനത്തെ സംസ്ഥാന സർക്കാർ നേരിടുന്നത്. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജോധ്പുരിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈ റിസ്ക് മേഖലയായ മഹാരാഷ്ട്രയിൽ നിന്നെത്തുന്നവരെ പരിശോധിക്കാനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ വിവാഹം അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള ആളുകളുടെ എണ്ണം നൂറായി നിജപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാവരും നിയന്ത്രണങ്ങൾ കർശനമായി തന്നെ പാലിക്കണമെന്നാണ് അറിയിപ്പ്.