പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ അഞ്ച് സ്‌കൂള്‍ കെട്ടിടങ്ങള്‍ ശനിയാഴ്ച (ഫെബ്രുവരി 6 ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, കാട്ടിക്കുളം ജി.എച്ച്.എസ്.എസ്, ബാവലി ജി.യു.പി.എസ്., വൈത്തിരി ജി. എച്ച്.എസ്.എസ്., അമ്പലവയല്‍ ജിഎല്‍.പി.എസ്. എന്നീ സ്‌കൂള്‍ കെട്ടിടങ്ങളാണ് പുതുമോടിയണിഞ്ഞത്. രാവിലെ 10 ന് നടക്കുന്ന ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍തല പരിപാടികളില്‍ ബന്ധപ്പെട്ട എം.എല്‍.എ മാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നിയോജക മണ്ഡലത്തില്‍ ഒന്നു വീതം വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് മാനന്തവാടി നിയോജക മണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസി പുതിയ ബഹുനിലകെട്ടിടം നിര്‍മ്മിച്ചത്. ഹയര്‍ സെക്കന്ററി ബ്ലോക്ക്, ഹൈസ്‌കൂള്‍ ബ്ലോക്ക്, എന്നിവയുള്‍പ്പെടെ മൂന്ന് കെട്ടിടങ്ങള്‍ ഉള്‍പ്പെട്ടതാണ് പദ്ധതി. 15 ക്ലാസ്മുറികള്‍, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഡൈനിംഗ് ഹാള്‍, കിച്ചന്‍, സ്റ്റോര്‍ റൂം, ടോയ്‌ലറ്റുകള്‍ എന്നിവയാണ് പുതുതായി നിര്‍മ്മിച്ചത്. ഒ.ആര്‍ കേളു എം.എല്‍.എ അനുവദിച്ച 85 ലക്ഷം രൂപ വിനിയോഗിച്ചുള്ള വികസന പദ്ധതികളും അടുത്ത ഘട്ടത്തില്‍ പൂര്‍ത്തിയാക്കും.
തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് പ്ലാന്‍ ഫണ്ടില്‍ അനുവദിച്ച 2 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. ഹയര്‍ സെക്കന്ററി വിഭാഗത്തിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ 8 ക്ലാസ് മുറികള്‍ കമ്പ്യൂട്ടര്‍ ലാബ്, ഓഫീസ്, സ്റ്റാഫ് റൂം, ടോയ്‌ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ വിദ്യാലയത്തില്‍ കിഫ്ബ് ഫണ്ടില്‍ നിന്നും അനുവദിച്ച 3 കോടി രൂപവിനിയോഗിച്ചുള്ള കെട്ടിടം ഹൈസ്‌കൂള്‍ ബ്ലോക്കിനായി നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് മാനന്തവാടി, തിരുനെല്ലി പഞ്ചായത്തിലെ ബാവലി ഗവ. യു.പി. സ്‌കൂളിന് പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. നാല് ക്ലാസ് മുറികള്‍ ഡൈനിംഗ് ഹാള്‍, സ്റ്റേജ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയുള്‍പ്പെട്ടതാണ് പദ്ധതി.
സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ അനുവദിച്ച 1 കോടി രൂപയുടെ കെട്ടിടമാണ് അമ്പലവയല്‍ ഗവ. എല്‍. പി. സ്‌കൂൡ പൂര്‍ത്തിയാക്കിയത് , 4 ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ഓഫീസ് റൂം സ്റ്റാഫ് റൂം ടോയ്‌ലറ്റുകള്‍ എന്നിവയുള്‍പ്പെട്ട കെട്ടിടമാണ് പൂര്‍ത്തിയാക്കിയത്.
പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ച് വൈത്തിരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂൡ പുതുതായി നിര്‍മ്മിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഹയര്‍ സെക്കന്ററി വിഭാഗത്തിന് മൂന്ന് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെട്ടതാണ് പദ്ധതി.