പ്രളയാനന്തര സര്‍വ്വെ; മാതൃകയായി വയനാട് എഞ്ചിനീയറിംഗ് കോളേജ്
പ്രളയാനന്തര സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന് മാതൃകയാവുകയാണ് വയനാട് എഞ്ചിനീയറിംഗ് കോളേജ്. വയനാട് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ അപേക്ഷ പ്രകാരം സര്‍ക്കാരിന് ഒരു നയാ പൈസ ബാധ്യത വരുത്താതെയാണ് വയനാട് എഞ്ചിനീയറിംഗ് കോളേജ് പഞ്ചായത്തിലെ സമഗ്ര സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സര്‍വ്വെയില്‍ പങ്കെടുത്തതാവട്ടെ ഓണ അവധി കാലത്ത് കോളേജിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന കോളേജ് മുഴുവന്‍ ടീമും. 50 വിദ്യാര്‍ത്ഥികളും പത്ത് ജീവനക്കാരുമടങ്ങുന്ന സംഘം 800 മണിക്കൂര്‍ ജോലി ചെയ്താണ് സര്‍വ്വെ പൂര്‍ത്തീകരിച്ചത്. അഗസ്റ്റ് 19ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുമെമ്പര്‍മാരുമായി സംസാരിച്ച് 21 ഓടെ മൂന്ന് കൂടിക്കാഴ്ച്ചക്കു ശേഷമാണ് സര്‍വ്വെ തീരുമാനിച്ചത്. 22ന് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രിന്റഡ് അപേക്ഷാ ഫോം ഉപയോഗിച്ചു. 23ന് സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെപ്തംബര്‍ ഏഴിന് പൂര്‍ത്തീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 540 മണിക്കൂര്‍ ഉപയോഗിച്ച് 20 വിദ്യാര്‍ത്ഥികളും 20 അധ്യാപകരും മുഴുവന്‍ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങളും നടത്തി പഞ്ചായത്തിന് ഇന്ന് കൈമാറും. നഷ്ടപ്പെട്ട രേഖകള്‍, റേഷന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആധാരം, മാര്‍ക്ക്ലിസ്റ്റ്. സര്‍ട്ടിഫിക്കറ്റ്, മറ്റുള്ളവ , വഴി, പാലം, വീട്, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, കിണര്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, പഠനോപകരണങ്ങള്‍, സ്ഥലം, സര്‍വ്വെ നമ്പര്‍, കൃഷി, മണ്ണിടിച്ചില്‍, വളര്‍ത്തുമൃഗങ്ങള്‍, മറ്റുള്ളവ തുടങ്ങി മുഴുവന്‍ നഷ്ട വിവരങ്ങളും സര്‍വ്വെഫോമില്‍ ഉണ്ട്. എഞ്ചനീയറിംഗ് കോളേജ് ഫ്ളഡ് റിലീഫ് കോ-ഓര്‍ഡിനേറ്റര്‍ ടി. ജ്യോതിയുടെ നേതൃത്വത്തിലാണ് സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കോളേജിലെ മുഴുവന്‍ ജീവനക്കാരുടെയും പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരുടേയും ജീവനക്കാരുടെയും സഹകരണത്തോടെയാണ് കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.