മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്?
വയനാടിന്റെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്.നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും. തുടക്കത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുകയും പിന്നീട് തലപ്പുഴ ബോയിസ് ടൗണിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്തായിരിക്കും മെഡിക്കല്‍ കോളേജ് ആരംഭിക്കുക.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ബോയ്സ് ടൗണില്‍ നേരത്തെ ഏറ്റെടുത്ത 65 ഏക്കര്‍ സ്ഥലത്ത് പുതിയ മെഡിക്കല്‍കോളജ് സ്ഥാപിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടാകുമെന്നാണ് അറിയുന്നത്. അതിന് മുന്നോടിയായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കാനും 2021-22 അധ്യായന വര്‍ഷത്തില്‍ തന്നെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനുമുള്ള നിര്‍ദ്ദേശമായിരിക്കും നാളെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പികുന്ന ബജറ്റില്‍ ഉണ്ടാവുക എന്നാണ് അറിയുന്നത്.
നേരത്തെ സ്വകാര്യവ്യക്തിയില്‍ നിന്നും ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കീഴില്‍ ഉപകേന്ദ്രം തുടങ്ങാനായിരുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് ശ്രീചിത്തിര ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. നേരത്തെ ഇതേ സ്ഥലത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്ന് ആവശ്യ മുയര്‍ന്നെങ്കിലും പിന്നീട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടായില്ല. സര്‍ക്കാര്‍ വൈത്തിരി ചുണ്ടേല്‍ സ്വകാര്യവ്യക്തിയുടെ തോട്ടം ഏറ്റെടുക്കാനാണ് തീരുമാനിച്ചത്.
എന്നാല്‍ ഇതിനെതിരെയും ആരോപണം ഉയര്‍ന്ന തോടെയാണ് വയനാട്ടില്‍ മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തിലായത്. തിരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചാല്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നുള്ളതിനാലാണ് സര്‍ക്കാര്‍ ഭൂമിയില്‍ തന്ന മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യത തെളിയുന്നത്.