കുറുക്കന്മൂല കോളനിയിലെ ശോഭയുടെ മരണം ജനകീയ സമിതിയുടെ പേരില്‍ പോരാട്ടം സംഘടനയ്ക്ക് വേണ്ടി പിരിവെടുത്തെന്ന പരാതിക്കെതിരെ ജനകീയ സമരസമിതി രംഗത്ത്. ശോഭയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷണം വന്നതില്‍ ഭയപ്പെട്ട ഒരു കൂട്ടം ആളുകളാണ് ഈ ആരോപണത്തിന് പിന്നിലെന്ന് കോളനി ഊരുസമിതി പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട പ്രാഥമിക ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ ലോക്കല്‍ പോലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം പറഞ്ഞു. തുടര്‍ന്ന് സമര സഹായ സമിതിയുടെ നിരന്തര സമരങ്ങളെ തുടര്‍ന്നാണ് ഒടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ജനകീയ സമര സമിതിയില്‍ സജീവമായിരുന്ന പോരാട്ടം സംഘടനയ്ക്ക് വേണ്ടി പിരിവ് നടത്തുന്നു എന്ന പരാതിയുമായി ചിലര്‍ രംഗത്തെയിരിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. പോലീസിന്റെ ഭാഗത്തു നിന്നും ശരിയായ അന്വേഷണമല്ല നടന്നതെന്നും, പ്രസ്തുത വീട് സീല്‍ ചെയ്യാനോ, രക്തക്കറയുടെ സാമ്പിള്‍ ശേഖരിക്കാനോ, പോലീസ് നായയെ കൊണ്ടുവന്നുള്ള പരിശോധനക്കോ, സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് പോലും പോലീസ് തയ്യാറായില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. ശോഭയുടെ അമ്മ അമ്മിണി, സഹോദരിമാരായ ശാന്ത, ഷീബ, പോരാട്ടം ജനറല്‍ കണ്‍വീനര്‍ ഷാന്റോലാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു