ചുരത്തില്‍ വാഹനങ്ങള്‍ കേടാവുന്നതും ബ്ലോക്ക് അനുഭവപ്പെടുന്നതും സ്ഥിരം കാഴ്ചയാവുന്നു.ബദല്‍ പാതയോ, ചരക്ക് വാഹനങ്ങള്‍ക്ക് സമയ ക്രമീകരണം ഏര്‍പ്പെടുത്തുകയോ മാത്രമാണ് ചുരത്തിലെ ഗതാഗത തടസ്സത്തിന് പോംവഴിയെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍.
ഗതാഗത കുരുക്ക് പതിവായതോടെ ചുരത്തിലൂടെയുള്ള യാത്ര ഏറെ ദുഷ്‌ക്കരം ആയിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും ചുരത്തിലെ പ്രധാന വളവുകളില്‍ ഒന്നില്‍ ചരക്ക് ലോറികളോ, ബസോ തകരാറു പറ്റി കുടുങ്ങുന്നത് പതിവാണ്.
വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന അവധി ദിവസങ്ങളില്‍ ആണ് ചുരത്തില്‍ മണിക്കൂറുകളോളം നീളുന്ന ബ്ലോക്ക് ഉണ്ടാവുന്നത് , വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണാന്‍ വരുന്നവരുടെ പകുതി ദിവസം ചുരത്തിലെ ബ്ലോക്കില്‍ തീരും, ചുരം ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിന് സര്‍ക്കാര്‍, ചുരം ബതല്‍ പാത, കള്ളാടി ആനക്കാംപൊയില്‍ തുരങ്ക പാത തുടങ്ങിയ പദ്ധതികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
ഇതില്‍ തുരങ്ക പാതയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞു എങ്കിലും പണി പൂര്‍ത്തീകരിക്കാന്‍ എത്ര കാലം എടുക്കും എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന അവധി ദിവസങ്ങളിലെങ്കിലും ചരക്ക് ലോറികള്‍, ടോറസ്, ടിപ്പര്‍, എന്നിവക്കു പകല്‍ സമയം നിയന്ത്രണം ഏര്‍പ്പെടുത്തുക, ചുരത്തില്‍ മുഴുവന്‍ സമയവും പോലീസിനെ ഡ്യൂട്ടിക്ക് നിര്‍ത്തുക, അപകടങ്ങള്‍ സംഭവിക്കുമ്പോഴുള്ള ബ്ലോക്ക് ഒഴിവാക്കാന്‍ ചുരത്തില്‍ ക്രെയിന്‍ തയാറാക്കി വെക്കുക എന്നീ ആവശ്യങ്ങളാണുയരുന്നത്. ഇതിനായി അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍.