കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തിന് രണ്ട് മാസം

0

കണ്ടത്തുവയലില്‍ നവദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് രണ്ട് മാസം പൂര്‍ത്തിയാവുന്നു.പ്രളയത്തിനിടയിലും മുടങ്ങാതെ നടന്ന അന്വേഷണത്തില്‍ ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്യുകയും പല കളവ് കേസുകളുടെയും തുമ്പ് കണ്ടെത്തുകയും ചെയ്തെങ്കിലും ഇരട്ടക്കൊലപാതകക്കേസുമായി ബന്ധിപ്പിക്കുന്ന യാതൊന്നും അന്വേഷണ സംഘത്തിന് ഇത് വരെയും കണ്ടെത്താനായില്ല. കൊലപാതക ലക്ഷ്യം പോലും കൃത്യമായി നിര്‍ണ്ണയിക്കാനാവാതെയാണ് രണ്ട് മാസം പൂര്‍ത്തിയാവുന്നത്. ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമര്‍(26) ഭാര്യ. ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്, സംഭവം നടന്ന് രണ്ടാം ദിവസം തന്നെ ജില്ലാ പോലീസ് മേധാവി മാനന്തവാടി ഡി.വൈ.എസ്.പി ദേവസ്യയുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. ഇതിനോടകം കേസുമായി ബന്ധപ്പെട്ട് 200 ഓളം ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ 500 ലധികം പേരെ ചോദ്യം ചെയ്തു. ഇവരില്‍ പലരെയും പോലീസ് കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്തത്. 250 ഓളം പേരുടെ ഫോണ്‍കോള്‍ ഡിറ്റയിലുകള്‍ ശേഖരിച്ചു പരിശോധന നടത്തി.200 ലധികം പേരുടെ കാല്‍പ്പാദ പരിശോഝന നടത്തി.പര്ദേശത്തെയും പരിസരത്തെയും 20 സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് നിരവധി വാഹനങ്ങള്‍ കണ്ടെത്തി അന്വേഷണം നടത്തി. നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തുന്നതിനായി ധനകാര്യ സ്ഥാപനങ്ങള്‍ ജ്വല്ലറികള്‍ എന്നിവിടങ്ങളില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തി പരിശോധന നടത്തി. ജില്ലയിലെ ഹോട്ടലുകളില്‍ താമസിച്ചവരുടെ വിലാസങ്ങള്‍ സംഘടിപ്പിച്ച് അന്വേഷണം നടത്തി. സമാന രീതിയുള്ള കൊലപാതകം നടത്തിയതും മോഷണം നടത്തിയതുമായ കുറ്റവാളികളെ വിളിച്ചുവരുത്തി അന്വേഷണം നടത്തി.എന്നാല്‍ ഈ അന്വേഷണങ്ങളിലൊന്നും തന്നെ കണ്ടത്തുവയല്‍ കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകള്‍ പോലും പോലീസിന് ലഭിച്ചിട്ടില്ല. പകരം മറ്റു ചില തെളിയിക്കപ്പെടാത്ത കളവുകളിലെയും കുറ്റകൃത്യങ്ങളിലെയും പ്രതികളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കളവ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പുറമെ കൊല്ലപ്പെട്ട ഉമറിന്റെ സംഘടനാ വൈരാഗ്യം കൊലപാതക കാരണമായിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു. സ്ഥലത്ത് നിന്നും ലഭിച്ച ഹെല്‍മെറ്റ് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഉടമസ്ഥന്‍ മറന്നുവെച്ചതാണെന്നവകാശപ്പെട്ട് പോലീസില്‍ എത്തിയെങ്കിലും ഇക്കാര്യവും പോലീസ് അന്വേഷണത്തിലുണ്ട്. പ്രളയം ശക്തമായ സമയത്ത് 28 അംഗ സംഘത്തില്‍ നിന്നും ചിലരെ മറ്റു ഡ്യൂട്ടികളിലേക്ക് നിയോഗിക്കുകയും ചെയ്തു.നിലവില്‍ കേസന്വേഷണം മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് പോലീസ് തയ്യാറാണെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.മുമ്പ് പല കേസുകളും തെളിയിക്കപ്പെട്ട കെ.എം ദേവസ്യയുടെ കീഴില്‍ തന്നെ അന്വേഷണം തുടരട്ടെയെന്ന അഭിപ്രായവും നിലവിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!