യുഎഇ – ഖത്തര്‍ ഗതാഗതവും വ്യാപാര ബന്ധവും ഉടന്‍ പുനഃരാരംഭിക്കും

0

ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഒരാഴ്‍ചയ്ക്കുള്ളില്‍ തന്നെ ഗതാഗത, വാണിജ്യ ബന്ധം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അല്‍ ഉല കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പൂര്‍ണമായ സഹകരണ മനോഭാവമായിരുന്നു യുഎഇക്ക് ഉണ്ടായിരുന്നത്. ഖത്തര്‍ പ്രതിസന്ധിയുടെ അധ്യായം പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറും നാല് ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോന്നും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കും. ഓരോ രാജ്യത്തിനും വ്യത്യസ്ഥമായ പ്രശ്നങ്ങളാണുള്ളത്. ഇവ ഈ സംഘങ്ങള്‍ പരിഗണിക്കും.അതേസമയം ഏതൊരു പ്രതിസന്ധിയെയും പോലെ ഖത്തര്‍ പ്രതിസന്ധിയും അതിന്റെ അവശിഷ്ടങ്ങള്‍ അവശേഷിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും. മറ്റ് ചിലതിന് കൂടുതല്‍ സമയമെടുക്കും.

വ്യാപാര ബന്ധം പുനഃരാരംഭിക്കുന്നതും, വ്യോമ ഗതാഗതവും നിക്ഷേപവും സമുദ്രഗതാഗതവുമൊക്കെ എളുപ്പമുള്ള കാര്യങ്ങളാണ്. എന്നാല്‍ വിശ്വാസവും ആത്മവിശ്വാസം വളര്‍ത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയമെടുക്കും. നഷ്‍ടങ്ങള്‍ സംബന്ധിച്ച അവലോകനങ്ങളുണ്ടാവേണ്ടതുണ്ട് ഒപ്പം ഓരോരുത്തരുടെയും പരമാധികാരത്തെ ബഹുമാനിക്കുന്നതിനൊപ്പം സുതാര്യതയും ആവശ്യവുമാണ്.

ഖത്തറിലെ തുര്‍ക്കി സൈന്യത്തിന്റെ സാന്നിദ്ധ്യം അറബ് ലോകത്ത് ഇറാന്റെ സാന്നിദ്ധ്യം പോലെയാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അറബ് പരമാധികാരത്തെ ബഹുമാനിക്കുന്ന രാജ്യമായി തുര്‍ക്കിയെ കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!