പറളിക്കുന്നിലെ കൊലപാതകം പുതിയ അന്വേഷണ സംഘം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

0

പറളിക്കുന്നിലെ കൊലപാതകവും സാക്ഷിയുടെ ദുരൂഹ മരണവും അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കിണറ്റില്‍ വീണു മരിച്ച മകന്‍ ജംഷീറിന്റെ മൃതദേഹം വച്ച് കൊണ്ട് കൊലക്കേസില്‍ റിമാന്റിലായ പ്രതികളെ രക്ഷിക്കുവാനാണ് മാതാവ് സാജിറ ശ്രമിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ഡിസംബര്‍ 21-ാം തിയതി മലപ്പുറം കരിപ്പൂര്‍ സ്വദേശിയായ ലത്തീഫ് പറളിക്കുന്നില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജസ്ന, ജംഷാന്‍ എന്നിവര്‍ കോടതി റിമാന്റില്‍ ജയിലില്‍ കിടക്കുമ്പോഴാണ് ഇവരുടെ സഹോദരന്‍ ജംഷീര്‍ കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെടുന്നത്.

ആദ്യകൊലക്കേസില്‍ സുപ്രധാന സാക്ഷിയാകേണ്ടയാളാണ് ജംഷീറെന്ന് പോലീസും നാട്ടുകാരും വിശ്വസിച്ച സാഹചര്യത്തില്‍ ഈ ദുരൂഹമരണം കേവലം ആത്മഹത്യയെന്ന നിലയില്‍ മാത്രമാണോ കണേണ്ടതെന്ന് നാട്ടുകാര്‍ സംശയിക്കുന്നുവെന്നും കിണറ്റില്‍ വീണു മരിച്ച മകന്റെ മൃതദേഹം വച്ചു കൊണ്ട് കൊലക്കേസില്‍ റിമാന്റിലായ പ്രതികളെ രക്ഷിക്കുവാനാണ് മാതാവ് സാജിറ ശ്രമിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കൊലപാതകത്തില്‍ ജസ്നക്കും ജംഷാനും പങ്കില്ലെന്ന് പത്രസമ്മേളന ത്തിലും സാജിറ പറഞ്ഞിരുന്നു. കിണറ്റില്‍ ചാടി മരിക്കാനുള്ള മാനസികശേഷിയുളളയാളല്ല ജംഷീര്‍ എന്നതാണ് നാട്ടുകാരുടെയും അവനെ അറിയുന്നവരുടെയും അഭിപ്രായം.ലത്തീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ കാര്യങ്ങളും അറിയാവുന്ന വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നും,അതുകൊണ്ട് കൂടിയാണ് ഈ മരണത്തിന്റെ ദുരൂഹത വര്‍ദ്ധിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ഈ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയുളള സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും,അതിന് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാണ് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെടുന്നത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പോലും കൃത്യമായി നല്‍കുന്നില്ലെന്നാണ് അറിയുന്നതെന്നും ഇവര്‍ പറഞ്ഞു. കര്‍മ്മസമിതി ചെയര്‍മാന്‍ പി.ഇ. ജോര്‍ജ്കുട്ടി, കണ്‍വീനര്‍ ടി.ദാമോദരന്‍, ബിജു, അബ്ദുള്‍ അസീസ് പാറത്തൊടുക എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!