അരിവാള്‍ രോഗികളുടെ മുടങ്ങികിടക്കുന്ന പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കണം

0

അരിവാള്‍ രോഗികളുടെ മുടങ്ങികിടക്കുന്ന പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കണമെന്നും ചികിത്സാ സൗകര്യം ഉടന്‍ അനുവദിക്കണമെന്നും സിക്കിള്‍സെല്‍ അനീമിയ പേഷ്യന്റ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ട്രൈബല്‍ വിഭാഗത്തില്‍ പെട്ട രോഗികള്‍ക്ക് 2500 രൂപയും അല്ലാത്തവര്‍ക്ക് 200 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍.

എന്നാല്‍ ട്രൈബല്‍ വകുപ്പ് നല്‍കുന്ന പെന്‍ഷന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ലഭിച്ചിട്ടില്ല. സാമൂഹ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന പെന്‍ഷനാകട്ടെ 2019 സെപ്തംബര്‍ മാസം മുതല്‍ കുടശ്ശികയാണ്. മറ്റു വരുമാന മാര്‍ഗമൊന്നു മില്ലാത്തതിനാല്‍ തന്നെ ഉള്‍ഗ്രാമങ്ങളിലടക്കമുള്ള അരിവാള്‍ രോഗികള്‍ക്ക് പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനമെന്ന് അവര്‍ അറിയിച്ചു.

ജില്ലാ ആശുപത്രി കൊറോണ പ്രതിരോധത്തിനായി സജ്ജീകരിച്ചതിനാല്‍ മറ്റുചികിത്സകള്‍ പനമരം, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി ആശുപത്രികളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. യാത്രാ സൗകര്യമില്ലാത്തതിനാലും ആംബുലന്‍സുകള്‍ പരിമിതമായതിനാലും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവര്‍ക്ക് ഹെല്‍ത്ത് സെന്റര്‍ വഴി നല്‍കുന്ന ഡ്രോക്സിജെറ്റ് എന്ന ഗുളിക ഗുണനിലവാര മില്ലാത്ത താണെന്നും അവര്‍ പറഞ്ഞു. മുടങ്ങികിടക്കുന്ന ആറു മാസത്തെ പെന്‍ഷന്‍ അടിയന്തിരമായി അനുവദിച്ച് തരണമെന്നാവശ്യപ്പെട്ടു കൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം അമ്പതോളം അപേക്ഷകള്‍ വിഷയം സംബന്ധിച്ച് വിവിധതല ഉദ്യാഗസ്ഥര്‍ക്ക് സമര്‍പ്പിച്ചതായും പറഞ്ഞു. പ്രസിഡന്റ് പി മണികണ്ഠന്‍, സെക്രട്ടറി സി ഡി സരസ്വതി, സി ആര്‍ അനീഷ്, എ എ അരുണ്‍, ഇ എന്‍ വിനയന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!