വെള്ളപ്പൊക്കക്കെടുതി ഒഴിയുമ്പോള്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്നും ആരോഗ്യ ശുചിത്വ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ജില്ല തയ്യാറാകണമെന്നും ജില്ലയുടെ ചുമതലയുളള തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവാധികള്‍ പിടിപെടാതിരിക്കാന്‍ പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാന്‍ മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യം കൂടി ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. തൃപ്തികരമായ രീതിയിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അത്ഭുതപൂര്‍വ്വമായ സഹകരണമാണ് വിവിധ കോണുകളില്‍ നിന്ന് സംസ്ഥാനത്താകെ ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സഹായാഭ്യര്‍ത്ഥന അക്ഷരാര്‍ത്ഥത്തില്‍ പൊതുസമൂഹം നെഞ്ചിലേറ്റിയതായി മന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്. രാജ്യമൊന്നാകെ സഹായഹസ്തം നീട്ടുകയാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, എ.ഡി.എം കെ അജീഷ്, ജില്ലാ പോലീസ് മേധാവി കറുപ്പ്‌സാമി, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.