കുറുവ ഇക്കോ ടൂറിസം കേന്ദ്രം തകര്‍ന്നടിയുന്നു
കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ കുറുവ ഇക്കോ ടൂറിസം കേന്ദ്രം തകര്‍ന്നടിയുന്നു.2019 മാര്‍ച്ച് 26നാണ് കോടതി നിര്‍ദ്ദേശപ്രകാരം കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്. വനം വകുപ്പ് നിയന്ത്രിക്കുന്ന ഈ കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ നിറയുന്നത് പരിസ്ഥിതിക്ക് ദോഷമാണെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
കബനിയുടെ കൈവഴികളാല്‍ ചുറ്റപ്പെട്ട ദ്വീപ് സമൂഹമാണ് പ്രസിദ്ധമായ കുറുവ ദ്വീപുകള്‍. ചെറുതും വലുതുമായ 99 ദ്വീപുകളാണിവിടെ.അതില്‍ വലിയ ദ്വീപില്‍ മാത്രമാണ് സഞ്ചാരികളെ അനുവദിച്ചിരുന്നത് .വയനാട് സന്ദര്‍ശിക്കാനെത്തുന്നവരുടെ മനസില്‍ കുളിര്‍മ നല്‍കുന്ന കേന്ദ്രം അടച്ചതോടെ ഒട്ടേറെയാളുകള്‍ നിരാശയോടെ മടങ്ങുന്നു. ദ്വീപ് അടയ്ക്കുന്നതിന് മുന്‍പ് വാഹകശേഷി അധികമാണെന്ന പരാതിയില്‍ സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുറുവയും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഇവിടുത്തെ ജീവനക്കാരുടെ ആവശ്യം.
പാക്കം – കുറുവ വന സംരക്ഷണ സമിതിയാണ് കുറുവയിലെ എല്ലാ ജോലികളും ചെയ്യുന്നത്. 39 പേര്‍ക്ക് തൊഴിലുണ്ടായിരുന്നു ദ്വീപ് അടച്ചതോടെ അവര്‍ ദുരിതത്തിലായി.അടഞ്ഞ് കിടക്കുന്ന കുറവയിലുണ്ടായ നാശങ്ങള്‍ക്കു കണക്കില്ല.2 പ്രളയം ദ്വീപിലും പുറത്തും വലിയ നാശമുണ്ടാക്കി. ചങ്ങാടങ്ങള്‍, പെഡല്‍ ബോട്ടുകള്‍, കളിമണ്‍ വീട്, കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, പൂന്തോട്ടം എന്നിവ നശിച്ചു. കൂറ്റന്‍ മാവ് വീണ് ചങ്ങാടം തകര്‍ന്നടിഞ്ഞു. ദീപിനകത്തുണ്ടായിരുന്ന ബോര്‍ഡുകള്‍, മുളപ്പാലങ്ങള്‍, ഫോട്ടോ ഗാലറി എന്നിവ കാട്ടാന നശിപ്പിച്ചു.
സന്ദര്‍ശകര്‍ എത്തിയിരുന്ന ചങ്ങാട ജെട്ടികള്‍, പുഴയോരം എന്നിവ കാട്ടാന ഇടിച്ചിട്ടു. ദ്വീപിനകം കാടുകയറി ആനകളുടെ താവളമായി.കുറുവയെ ആശ്രയിച്ചു കഴിയുന്ന ഗോത്ര സമുദായാംഗങ്ങള്‍ ജോലിയൊന്നുമില്ലാതെ പട്ടിണിയിലായി. തൊഴിലുറപ്പ് ജോലിയെ മാത്രം ആശ്രയിച്ചാണ് ഇവരുടെ ജീവിതം .അതിനിടെ കുറുവയുടെ മറുകരയില്‍ ഡിടിപിസി കേന്ദ്രത്തില്‍ സഞ്ചാരികള്‍ ധാരാളമെത്തുന്നു.
കുറുവയില്‍ കാലു കുത്താനാവാതെ പുഴയില്‍ ചങ്ങാട സവാരി നടത്തി അവര്‍ മടങ്ങുന്നു. ദ്വീപ് തുറക്കുന്നതോടെ ഇവിടെയും ആളെത്തും. എണ്ണം നിയന്ത്രിച്ച് കുറുവ തുറക്കാമെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.