കുടിവെള്ളം കിട്ടാക്കനിയായി വരട്ട്യാല്‍കുന്ന് കോളനി
കുപ്പാടിത്തറ വരട്ട്യാല്‍കുന്ന് കോളനിയില്‍ 35ഓളം കുടുബങ്ങള്‍ക്കാണ് വര്‍ഷങ്ങളേറെയായി കുടി വെള്ളം കിട്ടാകനിയായിരിക്കുന്നത്.ബന്ധപ്പെട്ട ഓഫീസുകളില്‍ നിരന്തരം കേറി ഇറങ്ങിയിട്ടും സമരം ചെയ്തിട്ടും പരിഹാരമില്ല.നിലവില്‍ കുറുമണി എസ് എല്‍ പി എസ് സ്‌കൂളിലെ കിണറ്റില്‍ നിന്നാണ് വെള്ളം തല ചുമടായി വീടുകളിലേക്ക് എത്തിക്കുന്നത്.എത്രയും പെട്ടെന്ന് തന്നെ കോളനിയില്‍ കുടിവെള്ളമെത്തിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
കുടിക്കാനും, കുളിക്കാനും, പ്രാഥമിക ആവശ്യത്തിന് പോലും വെള്ളം തികയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
ജീവിതകാലം മുഴുവന്‍ തല ചുമടായി വെള്ളം എത്തിക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരിക്കുന്നത്.
കോളനിയില്‍ രണ്ടു കിണറുകള്‍ നിലവില്‍ ഉണ്ടെങ്കിലും ഒരെണ്ണം തീര്‍ത്തും ഉപയോഗശൂന്യമാണ്. ബാക്കിയുള്ള ഒരു കിണറ്റില്‍ കുറച്ചു വെള്ളം ഉണ്ടെങ്കിലും വെള്ളം ശുദ്ധമല്ലാത്തതിനാല്‍ കുടിക്കാന്‍ കഴിയില്ല. വേനല്‍ക്കാലം എത്തിയാല്‍ ഈ കിണറും വറ്റും. പിന്നെ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ആയി പുഴയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കിലോമീറ്ററുകള്‍ നടന്ന് വേണം പുഴയിലെത്താന്‍. പ്രായമായവരും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതുമായ അംഗങ്ങള്‍ കോളനിയില്‍ ഉള്ളതിനാല്‍ അവസ്ഥ വളരെ മോശമാണ്. കോളനി വാസികള്‍ക്കായി പുതിയ വീടുകള്‍ പണിയുന്നുണ്ടെങ്കിലും വീടിന്റെ തേപ്പ് നനയ്ക്കാനും വാര്‍പ്പിനുള്ള സിമന്റ് കൂട്ടാന്‍ പോലും വെള്ളം തല ചുമടായി എത്തിക്കണം.