സ്ഥാനാര്‍ത്ഥിയായി കന്നി വോട്ടര്‍
കന്നി വോട്ടില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് കന്നി അങ്കത്തിന് ഒരുങ്ങി ഒരു 23കാരി.പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി ഒമ്പതാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അനസ് റോസ്ന സ്റ്റെഫിയാണ് ആദ്യ വോട്ടവകാശത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്.
ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പിജി വിദ്യാര്‍ത്ഥിനിയായ അനസ്‌റോസ്ന സ്റ്റെഫി ആണ് സുഗന്ധഗിരിയിലെ സ്വന്തം നാട്ടിലെ സംവരണ സീറ്റില്‍ ജനവിധി തേടാന്‍ ഇറങ്ങിയത്. ആദിവാസി ജനവിഭാഗങ്ങളും സാധാരണക്കാരും ഒട്ടേറെയുള്ള സുഗന്ധഗിരിയില്‍ തന്നെയാണ് അനസ് ജനിച്ചുവളര്‍ന്നത്.ഈ ചുറ്റുപാടുകളില്‍നിന്ന് ജനവിധി തേടാനുള്ള അവസരം വന്നപ്പോള്‍ അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു അനസ് .
സുഗന്ധഗിരിയിലെ എട്ടാം വാര്‍ഡിലാണ് വീട്. എങ്കിലും തൊട്ടടുത്ത ഒന്‍പതാം വാര്‍ഡായ പാറക്കുന്നിലാണ് അനസ് മത്സരിക്കുന്നത്.ചടച്ചികുഴിയില്‍ സുനിലിന്റെയും സുജ യുടെയും മൂത്ത മകളാണ് അനസ്‌റോസ്‌നസ്റ്റെഫി. കോഴി ക്കോട് പ്രോവിഡന്‍സ് കോളേജില്‍ നിന്ന് ബി എസ് സി സുവോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷം കേരള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരീക്ഷാ പരിശീലനം പൂര്‍ത്തിയാക്കി. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയും എഴുതിയിട്ടുണ്ട്. അക്കാദമിക് ലക്ഷ്യങ്ങള്‍ക്ക് ഇടയിലാണ് തിരഞ്ഞെടുപ്പില്‍ രംഗപ്രവേശനം ചെയ്യുന്നത്.
പ്രായം 23 ആയെങ്കിലുംകഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് ചെയ്യാനായില്ല. എന്നാല്‍ ഇത്തവണ കന്നി വോട്ടും കന്നിയങ്കവും ഒപ്പമെത്തിയത് പുതുമയാകുകയാണ്.