വയനാട് മെഡിക്കല്‍ കോളേജിനായി ഡിഎം വിംസ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഏറ്റെടുക്കല്‍ നടപടികള്‍ സുതാര്യവും എളുപ്പത്തിലുമാക്കാന്‍ ചീഫ് സെക്രട്ടരി ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി രൂപീകരിച്ചു. ധനകാര്യ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി , അഡീഷണല്‍ ചീഫ് സെക്രട്ടറി പ്ലാനിംഗ് ആന്റ് ഇക്കണോമിക്സ് അഫയേഴ്സ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരോഗ്യം, എന്നിവരാണ് ഉന്നതാധികാര സമിതിയിലെ മറ്റംഗങ്ങള്‍.
നേരത്തെ ഇത് സംബന്ധിച്ച് പഠിക്കാന്‍ സര്‍കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉന്നതാധികാരസമിതി പരിശോധിക്കും. ഇതിലെ സാങ്കേതികവും ധനകാര്യ പരവുമായ കാര്യങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് ഡിസംബര്‍ 15നകം സര്‍കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഡിഎം വിംസ് മാനേജ്മെന്റുമായി ചര്‍ച്ച ചെയ്യാനുള്ള പദ്ധതി രൂപരേഖയും ഉന്നതാധികാര സമിതി തയ്യാറാക്കും.
ഡിഎം വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാരിന് കൈമാറാന്‍ സന്നദ്ധ അറിയിച്ച് ഡിഎം എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പന്‍ ജൂണ്‍ അഞ്ചിന് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ സമിതി വയനാട് സന്ദര്‍ശിച്ച് പഠനം നടത്തി. ഏറ്റെടുക്കുന്നതിന് അനുകൂല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലെ സാമ്പത്തികവും സാങ്കേതികപരവുമായ വസ്തുതകള്‍ വിലയിരുത്താനാണ് ഉന്നതാധികാരസമിതി രൂപീകരിച്ചത്. യോഗത്തില്‍ മന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, അഡീഷണല്‍ ചീഫ് സെക്രട്ടറി ധനകാര്യം, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടരി, ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി,ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുള്ള, മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്
ഡി എം വിംസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ജൂലൈ 13നാണ് സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചത്. ഡോ. കെ വി വിശ്വനാഥന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ സി രവീന്ദ്രന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ കൃഷ്ണകുമാര്‍, ഡോ ബാബുരാജ്, ഡോ കെ സജീഷ്, എന്‍ജിനീയറിങ്, അടിസ്ഥാന സൗകര്യം, സാമ്പത്തികം എന്നീ വിഭാഗങ്ങളിലെ വിദഗ്ധരും സമിതി അംഗങ്ങളാണ്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഡിഎം വിംസ് അനുയോജ്യ മാണെന്നാണ് സമിതി വിലയിരുത്തല്‍. ക്വാര്‍ട്ടേഴ്സുകള്‍,- ഉപകരണങ്ങള്‍ , 150 മെഡിസിന്‍ സീറ്റുകള്‍ , ഫാര്‍മസി- ഡെന്റല്‍ കോളേജുകള്‍, തുടങ്ങി നിരവധി അനുകൂല ഘടകങ്ങള്‍ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.