പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തിലാണ് ബത്തേരിയിലെ ഫെയര്‍ലാന്റ് സീക്കുന്ന് നിവാസികള്‍. ഇന്ന് പ്രദേശത്തെ 17 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്. ബാക്കിയുള്ളവര്‍ക്ക് വരുംദിവസങ്ങളില്‍ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങള്‍.
നാലുപതിറ്റാണ്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഫെയര്‍ലാന്റ് – സീകുന്ന് നിവാസികള്‍ക്ക് പട്ടയം ലഭിച്ചുതുടങ്ങിയത്. പ്രദേശത്തെ 230 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. ഇതില്‍ ഇന്നും കഴിഞ്ഞ ദിവസവുമായി 17 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്. ബാക്കിവരുന്ന കുടുംബങ്ങളില്‍ 58-ഓളം പേര്‍ക്ക് അസൈന്‍മെന്റ് കമ്മറ്റി പട്ടയം സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. തുടര്‍ന്നുള്ള കുടുംബങ്ങള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. കുടുംബങ്ങള്‍ പട്ടയത്തിനായി ഓഫീസുകള്‍ കയറി ഇറങ്ങിയും നിയമപോരാട്ടം നടത്തിയുമാണ് പട്ടയം നേടിയെടുത്തത്. ഇന്ന് ബത്തേരിയില്‍ നടന്ന ചടങ്ങില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയില്‍ നിന്നുമാണ് കുടുംബങ്ങള്‍ പട്ടയം ഏറ്റുവാങ്ങിയത്.