വയനാട് റെയില്‍വേ അട്ടിമറിച്ചത് സി.പി.എം: യു.ഡി.എഫ്.

0

വയനാടിന്റെ സ്വപ്ന പദ്ധതിയായ നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാതയും രാത്രിയാത്ര നിരോധനം പിന്‍വലിക്കലും അട്ടിമറിച്ചത് സി.പി.എം ആണെന്ന് യു.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ബത്തേരിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഇതിന് സി.പി.എം ജനങ്ങളോട് മറുപടി പറയണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. നഞ്ചന്‍കോട് നിലമ്പൂര്‍ റെയില്‍പാതക്കായി പ്രയത്‌നിച്ചത് യു.ഡി.എഫ് സര്‍ക്കാറാണ്. എന്നാല്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരമാണ് ഇപ്പോള്‍ പാത അട്ടിമറിച്ചത്. രാത്രിയാത്ര നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെ നിലപാടുകള്‍ വഞ്ചനാപരമാണ്. വയനാടിന്റെ വികസനം കണ്ണൂര്‍ ലോബിയ്ക്ക് വേണ്ടി സി.പി.എം നേതൃത്വം അടിയറ വെച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കത്തെഴുതിയത് കൊണ്ട് മാത്രം തീരുന്ന പ്രശ്‌നമല്ല വയനാടന്‍ ജനത അനുഭവിക്കുന്നത്. രാത്രിയാത്ര നിരോധനം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ സംയുക്തയോഗം വിളിച്ച് ചേര്‍ത്ത് പ്രശ്‌നത്തിന് സമവായത്തിലൂടെ പരിഹാരം കാണുകയാണ് വേണ്ടത്. രാത്രിയാത്ര നിരോധനത്തിന് പോംവഴി ബദല്‍ പാതയല്ലെന്നും, രാത്രിയാത്ര നിരോധനം നീക്കുന്നതിനും റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുന്നതിനും സമരപരിപാടികളുമായി രംഗത്തു വരുമെന്നും യു.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!