ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഓര്‍മ്മ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വൃക്ഷത്തൈകള്‍ നട്ടു.തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ നേതൃത്വത്തിലാണ് എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും മരങ്ങള്‍ നട്ടു പിടിപ്പിച്ചത്.തദ്ദേശഭരണ സ്ഥാപനങ്ങളിലെ നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അവരുടെ ഓര്‍മ്മയ്ക്കായി തദ്ദേശീയ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളില്‍ കുറഞ്ഞത് ഒരു സെന്റ് സ്ഥലത്താണ് വൃക്ഷത്തൈകള്‍ നട്ടത്.
പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളും പരിപാലനവും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ്. പരിസ്ഥിതി പുനസ്ഥാപനം ലക്ഷ്യമാക്കി ഹരിത കേരള മിഷന്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഒന്നാം ഘട്ടം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഓര്‍മ്മ പച്ചത്തുരുത്ത് പരിപാടിയുടെ ആദ്യ ഘട്ടത്തിനാണ് തദ്ദേശ സ്ഥാപനങ്ങളില്‍ തുടക്കമായത്. പരിപാടിയില്‍ തദ്ദേശ സ്ഥാപന സ്ഥിരം സമിതി അംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.