ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെയും തീവ്രവാദ സംഘങ്ങളുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി കെ പ്രകാശ് ബാബു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മനുഷ്യശൃംഖലയുടെ ഭാഗമായി കല്പറ്റയില്‍ നടന്ന പരിപാടി പി കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
പിണറായി വിജയന്‍ 2003 പ്രഖ്യാപിച്ച ധാര്‍മിക മൂല്യത്തിന് ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഉടന്‍ രാജി വെച്ച് പുറത്തു പോകണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കള്ളക്കടത്ത് ബന്ധം പുറത്തുവന്നിരിക്കുകയാണ്. സ്വപ്ന പദ്ധതികളുടെ തലപ്പ് തിരുത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വകുപ്പ് മേധാവി പട്ടം ചാര്‍ത്തിയ മുഖ്യമന്ത്രിക്ക് അല്ലാതെ മറ്റാര്‍ക്കാണ് ഈ വിഷയത്തില്‍ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തന്നെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ആയിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് മയക്കുമരുന്ന് കേസ് എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ കുന്തമുനകള്‍ മുഖ്യമന്ത്രി യിലേക്കും നീളുന്ന സാഹചര്യത്തില്‍ കേരള ചരിത്രത്തിലെ തന്നെ അപഹാസ്യനും കളങ്കിതനുമായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി എം സുധീഷ് അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് എം ശാന്തകുമാരി, ജില്ലാ സെക്രട്ടറി ഒ ബി സിന്ധു, മുന്‍സിപ്പല്‍ പ്രസിഡന്റ് എം കെ സുധാകരന്‍, ശിവദാസന്‍, വാടോത്ത് ബാലന്‍, എ ടി രമേശന്‍, മനോജ് നിധിന്‍, മധു, എം ജി ആനന്ദന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.