വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസുകള്‍ നിര്‍ത്തലാക്കാന്‍ തപാല്‍ വകുപ്പു നടപടി തുടങ്ങി. ആദ്യപടിയായി, കേരളത്തിലെ നൂറോളം പോസ്റ്റ് ഓഫിസുകളുടെ വാടകക്കരാര്‍ പുതുക്കേണ്ടെന്നും ഇവ ഹെഡ് പോസ്റ്റ് ഓഫിസുകളോട് അനുബന്ധമായി പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി. എ,ബി,സി വിഭാഗത്തില്‍പ്പെട്ട കേരളത്തിലെ ഭൂരിഭാഗം പോസ്റ്റ് ഓഫിസുകളും വാടകക്കെട്ടിടങ്ങളിലാണ്. ഇവയാണ് കൂട്ടത്തോടെ നിര്‍ത്തലാക്കുന്നത്. ‘സി’ ക്ലാസ് പോസ്റ്റ് ഓഫിസുകളില്‍ ഒരു ക്ലറിക്കല്‍ സ്റ്റാഫ് മാത്രമാണ് ജോലി ചെയ്യുന്നത്. ‘ബി’ ക്ലാസില്‍ ഒരു പോസ്റ്റ് മാസ്റ്ററും ക്ലറിക്കല്‍ സ്റ്റാഫും ‘എ’ ക്ലാസില്‍ പോസ്റ്റ് മാസ്റ്റര്‍ക്കു പുറമേ 2 ക്ലറിക്കല്‍ സ്റ്റാഫുമുണ്ടാകും. പോസ്റ്റ് ഓഫിസുകള്‍ നിര്‍ത്തുമ്പോള്‍ ഇവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ തപാല്‍ വകുപ്പിന്റെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റും. എ, ബി,സി പോസ്റ്റ് ഓഫിസുകളുടെ വരുമാനക്കണക്കു ശേഖരിച്ച ശേഷം ഘട്ടംഘട്ടമായി ഓഫിസുകള്‍ നിര്‍ത്താനാണു നീക്കം. ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ അവധി ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കിയതായി പരാതിയുണ്ട്. അവധിയിലായവര്‍ക്കു പകരം താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആരേയും വയ്ക്കാന്‍ അനുവദിക്കുന്നില്ല. തപാല്‍, ആര്‍എംഎസ് ഓഫിസുകളില്‍ പോസ്റ്റ്മാന്‍, എംടിഎസ് തസ്തികകളില്‍ പകരക്കാരെ വയ്ക്കരുതെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.