സെപ്തംബര്‍ 28 മുതല്‍ സുല്‍ത്താന്‍ ബത്തേരി സിവില്‍ സ്റ്റേഷന് മുമ്പില്‍ ആദിശക്തി സമ്മര്‍ സ്‌കൂളിന്റെയും ആദിവാസി ഗോത്ര മഹാസഭയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരത്തിന് ഭാഗിക വിജയം.ആദിവാസി വിദ്യാര്‍ഥികളോട് തുടര്‍ന്നു വന്നിരുന്ന വിവേചനത്തിന് ഭാഗിക പരിഹാരമായി 425 വിദ്യാര്‍ഥികള്‍ക്ക് സീറ്റ് വര്‍ധിപ്പിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉത്തരവിറക്കി.
വിദ്യാര്‍ഥികള്‍ക്ക് സീറ്റ് വര്‍ധിപ്പിച്ചതോടെ ജില്ലയില്‍ ഏകജാലക പ്രവേശനം, എം ആര്‍ എസ്, വി എച്ച് എസ് സി തുടങ്ങിയ മേഖലകളിലായി 1864 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നതെന്ന് ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഭാരവാഹികള്‍ കല്‍പ്പറ്റ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നൂറു കണക്കിന് ആദിവാസി കുട്ടികളെ സ്‌കൂളിന് പുറത്ത് നിര്‍ത്തി പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്ന രീതിയാണ് വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്നത്. ഈ വിവേചനത്തിന് ഇതോടെ അന്ത്യം കുറിച്ചു. കൊവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് ആദിവാസി വിദ്യാര്‍ഥികള്‍ നടത്തിയ സത്യാഗ്രഹ സമരവും അതിന് കേരളത്തിലെ ജനാധിപത്യ സമൂഹം നല്‍കിയ പിന്തുണയും സമരത്തിന്റെ ഭാഗിക വിജയത്തിന് കാരണമായിട്ടുണ്ട്. നവംബര്‍ രണ്ടിന് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിന് മുന്നില്‍ രാവിലെ 11 മണിക്ക് അക്ഷര മഹോത്സവവും, മൂന്ന് മണിക്ക് നഗരത്തില്‍ വിദ്യാഭ്യാസ അവകാശ സമ്മേളനവും നടത്തുന്നതോടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കുമെന്ന് ആദിവാസി ഗ്രാത്ര മഹാസഭാ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ അറിയിച്ചു. അനാവശ്യ സമരമെന്ന സി കെ ശശീന്ദ്രന്‍ എം എല്‍ എ യുടെ പ്രസ്താവനയെയും ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുമുണ്ടായ അനാസ്ഥയെയും അവര്‍ കുറ്റപ്പെടുത്തി. ആദിശക്തി സമ്മര്‍ സ്‌കൂള്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ മേരി ലിഡിയ, ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ജി ജിഷ്ണു, പി വി രജനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.