ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 202-21 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിക്കുന്നതിനുള്ള ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കെ.ബി.നസീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ ഭേദഗതികള്‍ക്ക് സമിതി അംഗീകാരം നല്‍കി.
2018-19 കാലയളവിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ കോട്ടത്തറ, മുപ്പൈനാട് ഗ്രാമപഞ്ചായത്തുകളെ യോഗം അഭിനന്ദിച്ചു. 2019-20 വാര്‍ഷിക പദ്ധതി പുരോഗതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കൈവരിച്ച ജില്ലാ പഞ്ചായത്ത്, ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പനമരം ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാനന്തവാടി നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും യോഗം അനുമോദിച്ചു. 2015-20 കാലയളവില്‍ രാഷ്ട്രീയ ഭേദമന്യേ ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിച്ച ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രിതിനിധികള്‍ എന്നിവരെയും യോഗം അഭിനന്ദിച്ചു.
ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോവിഡ് 19 മഹാമാരിയെ സംസ്ഥാന തലത്തില്‍തന്നെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രവര്‍ത്തനവും സഹകരണവും കൊണ്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയും അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സര്‍ക്കാര്‍ നോമിനി സി.കെ.ശിവരാമന്‍, എ.എന്‍.പ്രഭാകരന്‍, പി.കെ.അസ്മത്ത്, ടി.ഉഷാകുമാരി, എ.ദേവകി, ബ്ലോക്ക് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ദിലീപ് കുമാര്‍, പി.ഇസ്മയില്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയരാജ്, അസി.ഡവലപ്‌മെന്റ് കമ്മീഷണര്‍ നൈസി റഹ്‌മാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്രാ നായര്‍ എന്നിവര്‍ സംസാരിച്ചു.