ഫോറസ്റ്റ് ലീസ് കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണം: സംയുക്ത സമരസമിതി

0

ഫോറസ്റ്റ് ലീസ് കര്‍ഷകരോടുള്ള അവഗണന സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ലീസ് കര്‍ഷക- ഭൂരഹിത സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ എകദിന ഉപവാസം നടത്തി.

രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വേണ്ടി വയനാട്ടിലെ കര്‍ഷക കുടുംബങ്ങളെ ഫോറസ്റ്റ് അതിര്‍ത്തിയില്‍ താമസിപ്പിച്ച് കൃഷി ചെയ്യിപ്പിച്ച് ഭക്ഷ്യ ക്ഷാമത്തിന് പരിഹാരം കണ്ടെങ്കിലും നൂറ് വര്‍ഷം കഴിഞ്ഞിട്ടും ഇങ്ങനെ താമസിപ്പിച്ച ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് കൃഷിഭൂമിക്ക് പട്ടയം നല്‍കാനും അവരുടെ പരാധീനതകള്‍ പരിഹരിക്കാനും മാറി വന്ന ഗവണ്‍മെന്റുകള്‍ തയ്യാറായിട്ടില്ലെന്നാണ് സമരസമിതി പറയുന്നത്. 2004 വരെ ഈ ഭൂമിക്ക് കര്‍ഷകരില്‍ നിന്നും നികുതി സ്വീകരിച്ചു എങ്കിലും അതിന് ശേഷം നികുതിയും സ്വീകരിക്കുന്നില്ല. കൈവശാകാശ രേഖയില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാറുകളുടെ ഒരു ആനുകൂല്യത്തിനും ഇവര്‍ അര്‍ഹരല്ല. കൃഷിഭൂമിയില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നില്ല. കുട്ടികളുടെ ഉപരിപഠനത്തിന് വേണ്ടി ധനകാര്യസാ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കാനോ കഴിയുന്നില്ല.

വീടുകള്‍ക്ക് നമ്പര്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി വെള്ളം എന്നിവക്ക് അര്‍ഹത ഇല്ല. ഇങ്ങനെ നരകയാതന അനുഭവിക്കുന്നവരോടുള്ള അവഗണന ഗവണ്‍മെന്റ് അവസാനിപ്പിക്കണമെന്നും ഇവര്‍ക്ക് നീതി ഉറപ്പാക്കണം എന്നും വയനാട് ജില്ലയില്‍ ഭൂമിയും വീടും ഇല്ലാത്ത രണ്ടായിരത്തിലധികം വരുന്ന കുടുംബങ്ങള്‍ക്കു വീടും സ്ഥലവും നല്‍കണമെന്നും സമരസമിതിയാവശ്യപ്പെട്ടു. ഉപവാസ സമരത്തില്‍ ജില്ലാ ചെയര്‍മാന്‍ കെ .രാജന്‍ അധ്യക്ഷത വഹിച്ചു.

ഹിന്ദു ഐക്യവേദി വയനാട് ജില്ലാ സെക്രട്ടറി എ എം. ഉദയകുമാര്‍, സമരസമിതി ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ പഠിപ്പുര, എ .സി ബാലകൃഷ്ണന്‍, എ. ആര്‍. വിജയകുമാര്‍, രാജീവ്, സി.കെ ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!