ജോലി അന്വേഷിച്ച് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. വിസാ ചട്ടങ്ങള്‍ പാലിക്കാത്തതിന് നിരവധി ഇന്ത്യക്കാര്‍ക്ക് അടുത്തിടെ യുഎഇയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ജോലി അന്വേഷിക്കാനായി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരരുതെന്നാണ് അധികൃതരുടെ അറിയിപ്പ്.300 ഇന്ത്യക്കാരെയാണ് ദുബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.
വിശദമായ അന്വേഷണത്തിനൊടുവില്‍ 80 പേര്‍ക്ക് പിന്നീട് പ്രവേശനം അനുവദിച്ചു. മറ്റുള്ളവരെ തിരികെ നാട്ടിലേക്ക് തന്നെ മടക്കി അയച്ചു. അതേസമയം 1374 പാകിസ്ഥാന്‍ പൗരന്മാരെയും ഇക്കാലയളവില്‍ തിരിച്ചയച്ചിട്ടുണ്ട്. ടൂറിസ്റ്റ് വിസയില്‍ ടൂറിസ്റ്റുകള്‍ മാത്രമേ രാജ്യത്തേക്ക് വരാന്‍ പാടുള്ളൂവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഒരു പ്രത്യേക വിസാ കാറ്റഗറിയില്‍ വരുന്നവര്‍ ആ വിസയുടെ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചിരിക്കണം.