2019 ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട നാല് ആദിവാസി കുടുംബങ്ങള്‍ പുനരധിവാസം സാധ്യമാകാതെ ദുരിതത്തില്‍.പുനരധിവസിപ്പിക്കാനുള്ള ഭൂമികണ്ടെത്തിയിട്ടും ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍ തയ്യാറാകുന്നില്ലെന്ന് സിപിഐ പൂതാടി ലോക്കല്‍ കമ്മിറ്റി കല്‍പ്പറ്റ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
പൂതാടി പഞ്ചായത്ത് 17ാം വാര്‍ഡില്‍ അരിമുള പഴഞ്ചൊറ്റില്‍ കോളനിയിലെ താമസക്കാരായിരുന്ന പണിയ സമുദായത്തിലെ 19 അംഗങ്ങള്‍ ഉള്‍പ്പെട്ട നാല് കുടുംബങ്ങള്‍ കഴിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാപ്പിസെറ്റിലെ ഒറ്റമുറി ഹാളിലാണ് താമസം.
2019ലെ പ്രളയ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി വീടിനും സ്ഥലത്തിനും കൂടി 10 ലക്ഷം രൂപ വീതം അനുവദിച്ച് പുനരധിവസിപ്പിക്കാന്‍ പഞ്ചായത്ത് അപേക്ഷ സ്വീകരിച്ചു. ശേഷം പരിശോധന നടത്തി എല്ലാ സൗകര്യങ്ങളോടു കൂടിയ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് ജില്ലാഭരണ കൂടത്തിന് സമര്‍പ്പിച്ചു. വില്ലേജ് ഓഫീസര്‍ വാലുവേഷന്‍ എടുത്ത് തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
തഹസില്‍ദാറും ട്രൈബല്‍ ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു. ഡെപ്യൂട്ടി കലക്ടര്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറിയത് പ്രകാരം ഭൂമി എഗ്രിമെന്റ് വെച്ച് രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായി. ഫണ്ടും അനുവദിച്ചു. ഫണ്ട് തഹസില്‍ദാറുടെ അക്കൗണ്ടിലോക്ക് കൈമാറുകയുമുണ്ടായി.
എന്നാല്‍ ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍ തയ്യാറാകുന്നില്ല. വില്ലേജ് ഓഫീസറുടെ വാലുവേഷന്‍ ഇപ്പോള്‍ തഹസില്‍ദാര്‍ അംഗീകരിക്കുന്നുമില്ല. വാലുവേഷന്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെട്ട് പദ്ധതി മനപൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും, വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും
സി പി ഐ പൂതാടി ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടറി ടി സി ഗോപാലന്‍, പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി മെമ്പര്‍ ടി കെ വിശ്വംബരന്‍, വി വി ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.