ബത്തേരി ഫെയര്‍ലാന്റ് സീകുന്ന് :ഭൂമിക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് 

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഫെയര്‍ലാന്റ് സീകുന്ന് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വരുമാനം നോക്കാതെ ഭൂമിക്ക് പട്ടയംനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം ആറിനാണ് വരുമാനപരിധിയും മറ്റും നോക്കാതെ കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഉത്തരവിന്റെ കോപ്പി വയനാട് വിഷന് ലഭിച്ചു.

പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും വരുമാനം കൂടുതലാണെന്നും മറ്റിടങ്ങളില്‍ ഭൂമിയുണ്ടെന്നും പറഞ്ഞ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നത്  വൈകിപ്പിക്കുന്ന നടപടിയാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഫെയര്‍ലാന്റ് – സീ കുന്ന് പ്രദേശത്ത് താമസിക്കുന്ന 264 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ 2019 മൂന്നാം മാസം ഉത്തരവായിരുന്നു. എന്നാല്‍ പട്ടയത്തിന് അപേക്ഷിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷത്തിനുമുകളില്‍ വരുമാനം ഉണ്ടെന്നും പലര്‍ക്കും മറ്റിടങ്ങളില്‍ ഭൂമിയുണ്ടെന്നും ചൂണ്ടികാണിച്ച്്പരാതിയും ഉയര്‍ന്നിരുന്നു.
ഈ വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും റവന്യു ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നത് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് ഫെയര്‍ലാന്റ്- സീകുന്ന് പട്ടയ അവകാശസംരക്ഷണ സമിതി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കുടുംബങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ മറ്റൊരു ഉത്തരവ് കൂടി പുറപ്പെടുവിച്ചിരിക്കുന്നത്.

1995ലെ കേരള മുനിസിപ്പല്‍ ഭൂപതിവ് ചട്ടപ്രകാരം ഒരുലക്ഷം രൂപ വരുമാനപരിധിയില്‍ കൂടുതല്‍ വരുമാനമുള്ള അപേക്ഷകളിലും, പട്ടയത്തിന് അപേക്ഷിച്ചിരിക്കുന്ന ഭൂമി കൂടാതെമറ്റ്  ഭൂമിയുള്ളവരുടെ അപേക്ഷകളിലും, 2019 മാര്‍ച്ച് മാസത്തെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും, കോടതി ഉത്തരവു പ്രകാരവും പതിവ് നടപടിയുണ്ടാവണമെന്നാണ് ഈ മാസം ആറിന് ഇറങ്ങിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കുവേണ്ടി അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!