ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും കേരള മുഖ്യമന്ത്രി, സംസ്ഥാന വനംവകുപ്പ് മന്ത്രി എന്നിവര്‍ക്ക് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ കത്ത് നല്‍കി.
ജില്ലയിലെ നോര്‍ത്ത് സൗത്ത് വയനാട് വനം ഡിവിഷനുകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുന്നത് ഈ മേഖലയില്‍ വ്യാപകമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിയുന്ന നൂറ് കണക്കിന് പേരാണ് ഇപ്പോള്‍ ദുരിത്തിലായിരിക്കുന്നത്.വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവരും കുടുംബശ്രീയുള്‍പ്പെടയുള്ളവരുടെ വിവിധ സംരഭങ്ങളും ദുരിതത്തിലാണ്.
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കണം. ഇതുമായി ബന്ധപ്പെട്ട് നിയമപരമായി വിവിധ കോടതികളില്‍ നടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.നിയന്ത്രണങ്ങളുടെ പേരില്‍ വയനാട്ടിലെ ടൂറിസത്തെ തകര്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പരിസ്ഥിതിയെ സംരക്ഷിച്ച് ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നും വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.