അയ്യങ്കാളി തൊഴില്‍ദാന പദ്ധതിയിലൂടെ മാനന്തവാടി നഗരസഭ പ്രകൃതി സംരക്ഷണത്തിലേക്കും.
മാനന്തവാടി: അയ്യങ്കാളി തൊഴില്‍ദാന പദ്ധതിയിലൂടെ മാനന്തവാടി നഗരസഭ പ്രകൃതിസംരക്ഷണത്തിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും പുതിയ ചുവടുകള്‍ വെക്കുന്നു. നഗരസഭ പരിധിയിലെ 25 ഹെക്ടര്‍ സ്ഥലത്ത് 3000 ത്തോളം വൃക്ഷ തൈകളാണ് പദ്ധതിയുടെ ഭാഗമായി വെച്ച് പിടിപ്പിക്കുന്നത്. വനം വകുപ്പില്‍ നിന്നും ലഭിച്ച ഫല വൃക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള തൈകളാണ് വെച്ച് പിടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യ കേന്ദ്ര പരിസരം, ചൂട്ടക്കടവ് പൊതുശ്മാശനം, എന്നിവിടങ്ങളില്‍ തൈകള്‍ നട്ടു. തൊഴില്‍ദാന പദ്ധതിയിലൂടെ പ്രകൃതി സംരക്ഷണവും പരിസ്ഥിതി സംരക്ഷണവുമാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭ വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു പറഞ്ഞു. വഴിയോരം തണല്‍ പദ്ധതിയില്‍ റോഡരികില്‍ വ്യക്ഷതൈകള്‍ വെച്ച് പിടിപ്പിക്കുകയും, കബനിക്കൊരു കവചം പദ്ധതിയില്‍ കബനി പുഴയോരങ്ങളില്‍ വൃക്ഷതൈ, മുള എന്നിവ നട്ട് പിടിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഔദോഗിക ഉദ്ഘാടനം ബേഗുര്‍ റെയ്ഞ്ചിലെ അമ്പുകുത്തി ഔഷധതോട്ടത്തില്‍ നടന്നു. വര്‍ഷാവര്‍ഷം കാട്ടുതീയില്‍ വ്യാപക നാശമാണ് ഇവിടെ ഉണ്ടാകുന്നത്. നഗരസഭ വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു, വൃക്ഷതൈ നട്ട് കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സീമന്തിനി സുരേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.വി ജുബൈര്‍, ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ കെ അബ്ദുള്‍ സമദ്, അപ്പച്ചന്‍ പെരുമ്പില്‍ എന്നിവര്‍ സംസാരിച്ചു.