വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

വയനാട്ടുകാരുടെയും സഞ്ചാരികളുടെയും സ്വപ്നമായിരുന്ന തുരങ്കപാത തുരങ്ക പാതയുടെ നിര്‍മാണം ആരംഭിക്കുന്നു.

0

ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം ഇന്ന് (തിങ്കള്‍) രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചുള്ള തുരങ്കപാതയുടെ നിര്‍മാണപ്രവൃത്തി, ഇത്തരത്തിലുള്ള വലിയ പ്രൊജക്ടുകള്‍ ചെയ്തു പരിചയമുള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് നിർവഹിക്കുന്നത്. സാങ്കേതിക പഠനം മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേയുടെ ചുമതലയാണ്.

കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി മണ്ഡലത്തിലെ മറിപ്പുഴയില്‍ നിന്നും ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത ആസൂത്രണം ചെയ്തിരിക്കുന്നത്. ആനക്കാംപൊയിലിൽ നിന്ന് മറിപ്പുഴയിലേക്കും, അവിടെ നിന്ന് പുഴയ്ക്കു കുറുകെ നിർമിക്കുന്ന പാലത്തിലൂടെ സ്വർഗംകുന്നിലേക്കും എത്തിയശേഷം അവിടെ നിന്ന് കള്ളാടിയിലേക്കാണ് ഏഴു കിലോമീറ്ററോളം വരുന്ന തുരങ്കം നിർമിക്കുക. തുരങ്കപാതയിലെത്തിച്ചേരാനായി കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്ത് ദേശീയപാത 766 ല്‍ നിന്ന് നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും.

എല്‍.ഡിഎഫ് സർക്കാറിന്റെ “100 ദിവസം 100 പദ്ധതി” കർമപരിപാടിയുടെ ഭാഗമായാണ് തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രിമാരായ ജി. സുധാകരന്‍, ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, ജോര്‍ജ് എം. തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!