പാളക്കൊല്ലിയില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള വീടുകള്‍ മന്ത്രി. എ.കെ ബാലന്‍ സമര്‍പ്പിച്ചു

0

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയില്‍ നിന്നും മാറ്റിപാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി പുല്‍പ്പള്ളി പഞ്ചായത്തിലെ മരകാവില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാനം ഓണ്‍ലൈന്‍ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിച്ചു. ഐ. സി. ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി.

ശിലാഫലകം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ അനാച്ഛാദനം ചെയ്തു. താക്കോല്‍ ഏറ്റുവാങ്ങിയത് പാളകൊല്ലി കോളനിയിലെ ശാന്ത ചന്ദ്രന്‍.ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, പുല്‍പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ബത്തേരി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രളയക്കെടുതി മൂലം വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന പാളക്കൊല്ലി കോളനിക്കാര്‍ക്ക് വേണ്ടി പട്ടികവര്‍ഗ വകുപ്പ് മരകാവില്‍ വിലകൊടുത്ത് വാങ്ങിച്ച 4.75 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിച്ചത്. 54 വീടുകളില്‍ 26 എണ്ണത്തിന്റെ പണി മുഴുവനായി പൂര്‍ത്തിയായിട്ടുണ്ട്. ഒരു വീടിന് 6 ലക്ഷം രൂപ ചെലവില്‍ 3.24 കോടി രൂപയുടെ ഭവന സമുച്ചയമാണ് ഒരുങ്ങിയിട്ടുള്ളത്.
ഭൂമി വാങ്ങുന്നതിന് 1.44 കോടി രൂപ ചെലവഴിച്ചു. 485 സ്‌ക്വയര്‍ഫീറ്റില്‍ ആണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.

വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തികള്‍ ഏറ്റെടുത്ത് സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചത്. സ്ഥലത്തെ റോഡ് നിര്‍മ്മാണവും ചെരിഞ്ഞ സ്ഥലമായതിനാല്‍ വീടുകളുടെ തറകള്‍ നിരപ്പാക്കിയതും പ്രത്യേക ഫണ്ട് വകയിരുത്താതെയാണ്. രണ്ട് കിടപ്പ് മുറികളും വിശാലമായ ഹാളും അടുക്കളയും ടോയ്ലറ്റും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ നിലം ഉയര്‍ന്ന നിലവാരമുള്ള വിട്രിഫൈഡ് ടൈലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. കൂടാതെ വൈദ്യുതീകരണം, പ്ലംബിംഗ്, പെയിന്റിങ, ജനല്‍-വാതിലുകളുടെ വര്‍ക്കുകള്‍ തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. ഗുണഭോക്താള്‍ക്ക് 10 സെന്റ് വീതം ഭൂമിയും നല്‍കി.

മോഡല്‍ വില്ലേജ് എന്ന മാതൃകയിലാണ് രൂപകല്പന ചെയ്തിട്ടുള്ളതെന്ന് ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്റ്റ് ഡയറക്ടര്‍ ഒ. കെ. സജിത്ത് പറഞ്ഞു. ഇവിടെയുള്ള 54 കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതിക്കായി 37 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!