വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ അകത്തെകുറ്റി അബദ്ധത്തില്‍ ലോക്കാക്കി വീടിനുളളില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ ബത്തേരി അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.ബത്തേരി കൈപ്പഞ്ചേരി തൊടുമ്മല്‍ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന റഷീദിന്റെ മകന്‍ അദീം അല്‍ഹാമിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ലോക്ക് വീണ് ഇരുമ്പുവാതില്‍ കുട്ടിക്ക് തുറക്കാന്‍പറ്റാതെവരുകയായിരുന്നു. കൂടാതെ അകത്ത് എല്‍പിജി അടുപ്പ് കത്തുന്നുമുണ്ടായിരുന്നു. വീട്ടുകാര്‍ തന്നെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിരക്ഷാസേനയെത്തി സമീപത്തെ ജനലിന്റെ കമ്പികള്‍ അറുത്തുമാറ്റി വീടിനകത്തുപ്രവേശിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ കെ റ്റി റഫീഖ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെ സിജു, എം വി ഷാജി, ധനീഷ്‌കുമാര്‍, കീര്‍ത്തിക് കുമാര്‍, ഹോം ഗാര്‍ഡ് ബാബു മാത്യു എന്നിവരടങ്ങുന്ന ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.