എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം- ഡി.എം.ഒ

0

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം- ഡി.എം.ഒ
ഈ മാസം എലിപ്പനി സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

ജില്ലയില്‍ ഈ മാസം എലിപ്പനി സ്ഥിരീകരിച്ച് 13 പേരും ലക്ഷണങ്ങളോടെ 28 പേരും ചികിത്സ തേടിയതായും ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഈ വര്‍ഷം ഇതുവരെ എലിപ്പനി സ്ഥിരീകരിച്ച 90 പേരില്‍ രണ്ടുപേരും രോഗലക്ഷണങ്ങളോടെ ചികിത്സതേടിയ 183 പേരില്‍ 4 പേരും മരിക്കാനിടയായിട്ടുണ്ട്. എലിപ്പനി പ്രതിരോധത്തിന് പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ ഓരോ ഡോസ് കഴിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഡിഎംഒ അഭ്യര്‍ത്ഥിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകരും
ആഴ്ചയിലൊരിക്കല്‍ തുടര്‍ച്ചയായി നാലാഴ്ച അല്ലെങ്കില്‍ റിസ്‌ക്  നിലനില്‍ക്കുന്ന സമയം വരെ ഗുളിക കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, കൃഷി പണിക്കാര്‍, മൃഗപരിപാലന പ്രവര്‍ത്തി ചെയ്യുന്നവര്‍, മലിനജല സമ്പര്‍ക്കം ഉള്ളവര്‍ തുടങ്ങിയവര്‍ റിസ്‌ക് കൂടുതല്‍ ഉള്ളവരാണ്. ഗുളിക കഴിക്കുന്നതിന് പുറമേ എലി നശീകരണം പരിസര ശുചിത്വം എന്നിവ ഉറപ്പുവരുത്തുകയും ചെയ്യണം.

കൈകാലുകളിലെയും ശരീരത്തിലെയും മുറിവ്, വ്രണം എന്നിവയിലൂടെ എലിപ്പനി രോഗാണു(ലെപ്‌റ്റോ സ്‌പൈറ ബാക്ടീരിയ) ശരീരത്തില്‍ കടന്നാണ് രോഗമുണ്ടാകുന്നത്. വളംകടി പോലുള്ള ചെറിയ വ്രണങ്ങളിലൂടെയോ മുറിവിലൂടെയോ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കാം. പ്രധാനമായും എലി മൂത്രത്തില്‍ നിന്നാണ് രോഗാണു വെളളത്തിലും ഭക്ഷണത്തിലും കലരുന്നത്. ചെളിയിലും വെളളത്തിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ കൈയ്യുറയും കാല്‍മുട്ടുവരെ മൂടുന്ന ബൂട്ടും ധരിക്കണം. ജോലി കഴിഞ്ഞ് കൈകാലുകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകണം. തുടക്കത്തില്‍ ചികിത്സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗമാണ്.

എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.  എലിപ്പനി ബാധിത പ്രദേശങ്ങളിലുളളവര്‍ പനി, ശരീര വേദന, തലവേദന, പേശീവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ സ്വയം ചികിത്സിക്കാതെ വിദഗ്ധ ചികിത്സ തേടണം. കണ്ണില്‍ ചുവപ്പ് നിറമുണ്ടാകുന്നതും മൂത്രത്തിന്റെ അളവ് കുറയുന്നതും എലിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. എലിപ്പനി  മൂലമുള്ള മരണം തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!