കോവിഡ് വന്നാല്‍ ഇങ്ങനെയാക്കെയാണ്..! സമൂഹത്തിന് കരുതലായി നിയമപാലകര്‍

0

കോവിഡ് പ്രതിരോധത്തിന്റെ കടിഞ്ഞാണുകള്‍ പൊട്ടിക്കുന്നവരോടായി രോഗം വന്ന നിയമപാലകര്‍ക്കും അനുഭവത്തിലൂടെ ചിലതെല്ലാം പറയാനുണ്ട്. രോഗാവസ്ഥയെ നേരിടുന്നതിന് പകരം സാമൂഹികമായ അകലത്തിലൂടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചും രോഗത്തെ തുരത്താം. സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗബാധയെതുടര്‍ന്ന് അടച്ചിടേണ്ടി വന്നതാണ് മാനന്തവാടിയിലെ പോലീസ് സ്റ്റേഷന്‍. ഇവിടെയുള്ള മൂന്ന് പോലീസുകാര്‍ക്ക് കൃത്യനിര്‍വ്വഹണത്തിനിടയിലാണ് കോവിഡ് രോഗം പകരുന്നത്.  70 ദിവസത്തെ തുടര്‍ച്ചയായ സേവനത്തിനിടെയാണ്  സമ്പര്‍ക്കത്തിലൂടെ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മെര്‍വിന്‍ ഡിക്രൂസ്, മാനന്തവാടി ഡി.വൈ.എസ്.പിയുടെ പി.എസ്.ഒ കെ.എം. പ്രവീണ്‍, സിവില്‍ പോലീസ് ഓഫീസര്‍ റോയ് തോമസ് എന്നിവരാണ് ചികിത്സയിലായത്. മേയ് 13 ന് വൈകുന്നേരത്തോടെയാണ് റിസള്‍ട്ട് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവര്‍   കോവിഡ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ചികിത്സ തുടങ്ങി  ഏഴ് ദിവസത്തിനുള്ളില്‍ തന്നെ കോവിഡ് 19 നെഗറ്റീവായി ആശുപത്രി വിടാനും ഇവര്‍ക്ക് സാധിച്ചു. തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തിലായി. രോഗ ലക്ഷണങ്ങള്‍ ഇല്ലാതെയാണ് ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായത്. കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. സീനിയര്‍ പോലീസ് ഓഫീസറായ റോയ് തോമസ് കണ്ണൂരിലെ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിഞ്ഞത്. ജോലിയ്ക്കിടെ രോഗ ബാധയേറ്റതിനാല്‍ മാനന്തവാടി പോലീസ് സ്റ്റേഷന്‍ അടച്ചിടുകയും ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. വീണ്ടും ജോലിയില്‍ തിരികെ പ്രവേശിച്ചപ്പോള്‍  ചികിത്സയുടെയും രോഗാവസ്ഥയുടെയും അനുഭവങ്ങള്‍ നിരത്തിയാണ് സമൂഹത്തിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളിയാകുന്നത്.
ആശുപത്രിയില്‍ മികച്ച ചികിത്സയാണ് ഉറപ്പ് വരുത്തുന്നത്. രോഗം ഭേദമാകുന്നതിന് മരുന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ആന്റിവൈറസ് ഗുളികകളും വിറ്റാമിന്‍ ഗുളികകളും രോഗ ബാധിതര്‍ക്ക് നല്‍കിയിരുന്നു. എല്ലാ ദിവസവും ശരീര ഊഷ്മാവ്, രക്തസമ്മര്‍ദം എന്നിവ പരിശോധിക്കുകയും ചെയ്തിരുന്നു. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം, കുടിക്കാനായി ചൂട് വെള്ളം, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കിയിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷണം നല്‍കിയിരുന്നത് പ്രത്യേകം പാത്രങ്ങളിലായിരുന്നു. രോഗ ബാധിതര്‍ ഉപയോഗിച്ചിരുന്ന പാത്രം, വസ്ത്രം എന്നിവ കഴുകി വൃത്തിയാക്കുന്നത് ആശുപത്രി ജീവനക്കാര്‍ തന്നെയായിരുന്നു.
ചികിത്സയില്‍ കഴിയുന്ന ദിവസങ്ങളില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മികച്ച സഹകരണമായിരുന്നു ലഭിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സഹകരണങ്ങളും പോലീസ് വകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യത്തില്‍ നിന്ന് വിഭിന്നമായ വ്യാജ പ്രചാരണങ്ങള്‍ നിലനിന്നിരുന്നത് മാനസികമായി തളര്‍ത്തുകയും അവ മറികടക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടു. രോഗം ബാധിച്ചവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുന്നത് കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ആവര്‍ക്ക് ജാഗ്രതയോട് കൂടിയ കരുതലാണ് ആവശ്യമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രോഗം ഭേദമായി തിരികെ ജോലിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥര്‍ക്ക് അതിജാഗ്രത അതിജീവനം എന്ന സന്ദേശവുമായി കനല്‍വഴികള്‍ താണ്ടി കാവലാളുകള്‍ എന്ന പേരില്‍ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ സ്വീകരണവും സംഘടിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!