സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി. പരിശോധന പുനരാരംഭിച്ചു

0

മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചു. 2016 ഡിസംബറിലാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയില്‍ കെ.എഫ്.ഡി, ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പെരുകിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധികൃതര്‍ തയ്യാറാക്കിയ പ്രൊജക്ട് പ്രകാരമായിരുന്നു ഇത്. മൂന്നു കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. എന്നാല്‍, പ്രൊജക്ട് കാലാവധി പൂര്‍ത്തിയായതോടെ 2020 മാര്‍ച്ച് 16ന് ലാബ് പ്രവര്‍ത്തനം നിര്‍ത്തി. ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നില്ല. ഇക്കൊല്ലം വീണ്ടും കെ.എഫ്.ഡി. കൂടിയതോടെ ലാബ് പ്രവര്‍ത്തിക്കാത്തത് വലിയ പ്രതിസന്ധിക്കിടയാക്കി. കോവിഡ് പശ്ചാത്തലം കൂടിയായതോടെ ആലപ്പുഴ വൈറോളജി ലാബില്‍ നിന്ന് കെ.എഫ്.ഡി. ഫലം ജില്ലയിലെത്താന്‍ കാലതാമസമെടുത്തു. ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ലാബ് ഏറ്റെടുത്ത് പ്രവര്‍ത്തനസജ്ജമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!