സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കോവിഡ് കണ്ടെത്താനും വഴിയൊരുങ്ങി. ഇതിനായി ഓര്‍ഡര്‍ ചെയ്ത ‘ട്രൂനാറ്റ്’ മെഷീന്‍ ഈ ആഴ്ചയെത്തും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മൈക്രോബയോളജിസ്റ്റിനെ നിയമിച്ചു കഴിഞ്ഞു. മെഷീന്‍ എത്തിക്കഴിഞ്ഞാല്‍ ഐ.സി.എം.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കോവിഡ് ടെസ്റ്റ് ലൈസന്‍സിന് അപേക്ഷിക്കാം. സാധാരണ നിലയില്‍ മൂന്നു ദിവസത്തിനകം അംഗീകാരം ലഭിക്കും. ബയോസേഫ്റ്റി കാബിനറ്റ്, വോര്‍ടെക്‌സ് മിക്‌സ്ചര്‍ തുടങ്ങിയ അവശ്യ ഉപകരണങ്ങള്‍ എന്‍.എച്ച്.എം. ഉറപ്പാക്കിയിട്ടുണ്ട്. രണ്ടു ലാബ് ടെക്‌നീഷ്യന്മാര്‍ ആലപ്പുഴ വൈറോളജി ലാബില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കി. പി.പി.ഇ കിറ്റ് ധരിക്കുന്നതിനും അഴിച്ചുമാറ്റുന്നതിനുമുള്ള സ്ഥലവും സെഗ്മെന്റേഷന്‍ മുറിയുമൊക്കെ ഒരുക്കി ലാബിന്റെ ബയോസേഫ്റ്റി ലെവല്‍ രണ്ടില്‍ നിന്നു മൂന്ന് ആക്കി ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരി ലാബില്‍ മണിക്കൂറില്‍ രണ്ടു സാംപിളുകളാണ് പരിശോധിക്കാന്‍ കഴിയുക. ഇക്കാരണത്താല്‍ അടിയന്തര സ്വഭാവമുള്ള സ്രവപരിശോധനയ്ക്കാവും മുന്‍തൂക്കം. ലാബിലേക്ക് മറ്റൊരു പി.സി.ആര്‍ യന്ത്രം കൂടി വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.