കുരങ്ങ് പനി മേഖലയില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും

0

    കുരങ്ങു പനി മൂലം ജില്ലയില്‍ രണ്ടു മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു പ്രദേശത്തെ പ്രത്യേക മേഖലയാക്കി തിരിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. രോഗം കണ്ടെത്തിയ മേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ സംഘത്തെ നിയോഗിക്കും. രണ്ടാം ഘട്ട വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. രോഗ ബാധിത മേഖലയിലുള്ളവര്‍ വാക്‌സിന്‍ എടുക്കാതെയും ലേപനങ്ങള്‍ പുരട്ടാതെയും പുറത്തിറങ്ങി നടന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. കോളനികളിലുള്ളവരുടെ ആരോഗ്യ സുരക്ഷയ്ക്കും രോഗ പ്രതിരോധത്തിനുമായി പോഷകാഹര വിതരണം നടത്തണമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. വനത്തിലും പുഴയോരത്തും ചത്തു കിടക്കുന്ന കുരങ്ങുകളുടെ ജഡം നീക്കം ചെയ്യുന്നതിനും  പ്രദേശത്ത് ജാഗ്രത പുലര്‍ത്തുന്നതും ഫോറസ്റ്റ് വാച്ചര്‍മാരെ ചുമതലപ്പെടുത്തും.ജില്ലയിലെ വൈറോളജി ലാബിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
     യോഗത്തില്‍ എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍കേളു, ഐ.സി. ബാല കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക തുടങ്ങിയവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!