കണിയാമ്പറ്റ പന്തലാടി കോളനിക്കാര്‍ക്ക് കുടിവെള്ളമെത്തി.
കോളനിയിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാനും തീരുമാനമായി.കോളനി നിവാസികളുടെ അടിയന്തിര ആവശ്യം കണക്കിലെടുത്ത് കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് ഇടപെട്ട് കോളനിക്കാര്‍ക്ക് കുടിവെള്ളമെത്തിക്കുകയായിരുന്നു.പന്തലാടിയിലെ കുന്നിന് മുകളില്‍ പഞ്ചായത്തിന്റെ വരള്‍ച്ചദുരിതാശ്വാസത്തിലെ ആയിരം ലിറ്റര്‍ ശുദ്ധ ജല ടാങ്ക് എത്തിച്ച് കല്‍പ്പറ്റ ഫയര്‍ഫോയ്‌സിന്റെ സഹായത്തോടെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് കുടിവെള്ള പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തിയത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ കോളനിയില്‍ എത്തി ഇവരുടെ ദുരിതത്തിന് അടിയന്തിര സഹായം വാഗ്ദാനം ചെയ്തിരുന്നു.കോളനിയിലേക്കുള്ള റോഡ് എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഉടന്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു. പന്തലാടി കോളനിയിലെ മൂന്ന് വീടുകളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 15 ഓളം പേര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥയുണ്ടായിരുന്നു. ആറ് മാസത്തിന് മുകളിലായി കുടിവെള്ളമില്ലാതെ ദുരിതമനുഭവിച്ചിരുന്ന ഇവര്‍ക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം കുടിവെള്ളത്തിനായി ശാശ്വത പരിഹാരം കാണുമെന്ന് പഞ്ചായത്ത്പ്രസിഡന്റ് ബിനു ജേക്കബ്, വാര്‍ഡ് മെമ്പര്‍ റഷീന സുബൈര്‍ എന്നിവര്‍ പറഞ്ഞു.