കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ആയുര്‍ രക്ഷാ ക്ലിനിക്കുമായി ആയുര്‍വേദ വിഭാഗം രംഗത്ത്. കരുതലോടെ കേരളം കരുത്തേകാന്‍ ആയുര്‍വേദം എന്ന പേരിലുള്ള ആയുര്‍ രക്ഷാ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളക്ക് ഔഷധകിറ്റ് കൈമാറി നിര്‍വഹിച്ചു.
രോഗ പ്രതിരോധം, ശമനം, രോഗമുക്തിക്ക് ശേഷമുള്ള ആരോഗ്യ പരിരക്ഷ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പോലീസുകാര്‍, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, അറുപത് വയസ്സിനു മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് രോഗ പ്രതിരോധത്തിന് പ്രത്യേകം പരിഗണന നല്കുന്നു. 60 വയസിനു മുകളിലുള്ളവരെ പ്രത്യേകം പരിഗണിച്ചു കൊണ്ട് ആരോഗ്യ പരിരക്ഷ നല്കുന്ന സുഖായുഷ്യം, സുഖവ്യായാമത്തിനുള്ള സ്വാസ്ഥ്യം, രോഗമുക്തി നേടിയവരെ പൂര്‍ണ ആരോഗ്യത്തിലേക്കു കൊണ്ടുവരാനുള്ള പുനര്‍ജനി, സര്‍ക്കാര്‍ ആയുര്‍വേദ ചികിത്സാ സമ്പ്രദായങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനമായ നിരാമയ തുടങ്ങിയ പദ്ധതികളുടെ അടിസ്ഥാന പ്രവര്‍ത്തന മേഖലയാണ് ആയുര്‍വേദ ഡിസ്‌പെന്‍സറികളും ആശുപത്രികളും കേന്ദ്രീകരിച്ചുളള ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍.
ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ. സി.ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു. ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.പി.എസ്. ശ്രീകുമാര്‍, ഡോ. സുഗേഷ്‌കുമാര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), ഡോ.ഒ.വി.സുഷ,നോഡല്‍ ഓഫീസര്‍ ഡോ. ഹരിശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.