സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലയില്‍ തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് 5 വരെ 6234 പേര്‍ക്ക് കിറ്റ് വിതരണം ചെയ്തു. മാനന്തവാടി താലൂക്കില്‍ 855 പേര്‍ക്കും, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 4521 പേര്‍ക്കും വൈത്തിരി താലൂക്കില്‍ 858 പേര്‍ക്കുമാണ് കിറ്റ് ലഭിച്ചത്. ജില്ലയിലെ 50,093 എ.എ.വൈ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റ് നല്‍കുന്നത്.
പഞ്ചസാര, ഉപ്പ്, ചെറുപയര്‍, കടല, റവ, ഉഴുന്ന് ( 1 കിലോ വീതം), വെളിച്ചെണ്ണ (1/2 ലിറ്റര്‍), സണ്‍ഫ്‌ളവര്‍ ഓയില്‍ (1 ലിറ്റര്‍), ആട്ട (2 കിലോ), കടുക്, ഉലുവ, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി (100 ഗ്രാം വീതം), പരിപ്പ്, ചായപ്പൊടി (250 ഗ്രാം വീതം), സോപ്പ് (2 എണ്ണം) എന്നീ ആവശ്യവസ്തുക്കള്‍ അടങ്ങിയതാണ് കിറ്റ്. മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ് വഴി തയ്യാറാക്കിയ കിറ്റുകള്‍ അതത് പ്രദേശത്തെ റേഷന്‍ കട വഴിയാണ് വിതരണം ചെയ്യുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും മുന്‍ഗണനേതര വിഭാഗത്തിലുള്ള നീല കാര്‍ഡ് ഉടമകള്‍ക്കും വിഷുവിന് മുമ്പായി കിറ്റ് ലഭ്യമാക്കും. കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് ഡൊണേറ്റ് മൈ കിറ്റ് എന്ന സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റ് ഓപ്ഷനിലൂടെ അവ സംഭാവന ചെയ്യാം.
റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത കടയില്‍ നിന്നും സൗജന്യ കിറ്റ് വാങ്ങാവുന്നതാണ്. ഇന്ന് (ദു:ഖ വെളളി) എല്ലാ റേഷന്‍ കടകള്‍ക്കും അവധിയായിരിക്കുമെന്നും ശനിയാഴ്ച മുതല്‍ റേഷന്‍ കടകളിലൂടെയുളള സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം തുടരുമെന്നും ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കല്‍പ്പറ്റ മണിയങ്കോട് എ.ആര്‍.ഡി 3 ാം നമ്പര്‍ റേഷന്‍ കടയില്‍ നടന്ന ഭക്ഷ്യകിറ്റ് വിതരണം സി.കെ ശശീന്ദ്രന്‍ എം.എല്‍എ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുകണ്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബത്തേരി താലൂക്കിലെ കിറ്റ് വിതരണം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പൂതാടി പഞ്ചായത്തിലെ എ.ആര്‍.ഡി 102 ല്‍ നിര്‍വ്വഹിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രമണ്യന്‍, വൈസ് പ്രസിഡന്റ് ശ്രീജ,വാര്‍ഡംഗം എ.ഡി പാര്‍ത്ഥന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ജയപ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ഉസ്മാന്റെ നേതൃത്വത്തിലാണ് മാനന്തവാടി താലൂക്കില്‍ വിതരണം നടത്തിയത്.