പോലീസ് നിയമം കര്‍ശനമാക്കിയതോടെ ബത്തേരിയില്‍ ടൗണിലുടെയുള്ള അനാവശ്യ യാത്രകള്‍ കുറഞ്ഞു.കഴിഞ്ഞ ദിവസങ്ങളില്‍ ടൗണില്‍ ഇറങ്ങി അനാവശ്യ യാത്ര ചെയ്തവര്‍ക്കെതിരെ കര്‍ശനനടപടി പോലിസ് സ്വീകരിക്കാന്‍ തുടങ്ങിയതോടു കുടിയാണ് അരി വാങ്ങാനും മരുന്നു വാങ്ങാനുമെന്ന പേരില്‍ കറങ്ങാന്‍ ഇറങ്ങിയവര്‍ ഇന്ന് വീടുകളില്‍ ഒതുങ്ങിയത്.
ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം പാലിക്കാതെ നിരവധി ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബത്തേരി ടൗണില്‍ കറങ്ങാന്‍ ഇറങ്ങിയത്. ഇതോടെ പോലീസ് നിയമം കര്‍ശനമാക്കിയപ്പോള്‍ പലരും കുടുങ്ങി. സാധനങ്ങള്‍, മരുന്നുകള്‍ എന്നിവ വാങ്ങാന്‍ എന്ന പേരില്‍ ടൗണില്‍ വാഹനങ്ങളുമായി കറങ്ങിയ നിരവധി ആളുകളെയാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത് .ഇത്തരത്തില്‍ 29 കേസ്സുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇതിന് പുറമെ കറങ്ങാന്‍ ഇറങ്ങിയവരെ പലരെയും മുന്നറിയിപ്പു നല്‍കി തിരിച്ചയക്കുകയും ചെയ്തു .ചിലരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും പോലിസ് നല്‍കി. ഇതോടെ ഇന്ന് ബത്തേരി ടൗണില്‍ അനാവശ്യമായി യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. അതേ സമയം ഇന്ന് നിയമം ലംഘിച്ച് അവശ്യ സാധനങ്ങളുടെ അല്ലാത്ത കടകള്‍ തുറന്നതിന് രണ്ട് പേര്‍ക്കെതിരെ കേസ്സ് എടുത്തിട്ടുണ്ട്.അത്യാവശ്യ കാര്യങ്ങള്‍ക്ക് ടൗണില്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.