മാധ്യമങ്ങൾക്ക് പ്രത്യേക പരിഗണന : മുഖ്യമന്ത്രി പിണറായി വിജയൻ

0

കൊറോണബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കയായിരുന്നു അദ്ദേഹം. അവശ്യസർവീസ് എന്ന നിലയ്ക്കാണ് മാധ്യമങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത്. എന്നാലിത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ചിന്ത ജനങ്ങൾക്കുണ്ടാകാൻ പാടില്ല. ചാനലുകൾ മൈക്കുകൾ അണുവിമുക്തമാണെന്ന് ഉറപ്പാക്കണം. റിപ്പോർട്ടിങ്ങിന് പോകുമ്പോൾ വലിയ സംഘത്തെ ഒഴിവാക്കുക. പത്രവിതരണത്തിലും ശ്രദ്ധിക്കണം.

പത്രങ്ങളിൽ പരസ്യനോട്ടീസുകൾവെച്ച് വിതരണംചെയ്യുന്നത് കർശനമായി ഒഴിവാക്കണം. പോസിറ്റീവ് വാർത്തകൾക്ക് പ്രാധാന്യംനൽകണം. ആശങ്കകൾ ഉയർത്തിക്കാട്ടേണ്ട സമയമല്ലിത്. അടിസ്ഥാനരഹിതകാര്യങ്ങളും വ്യാജവാർത്തകളും പടരാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതെ ശ്രദ്ധിക്കും. മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കും. സുഗമമായ പ്രവർത്തനത്തിന് തടസ്സമുണ്ടായാൽ അത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണം. കൊറോണയെ നേരിടുന്ന കാര്യത്തിൽ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത മാധ്യമമേധാവികൾ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
02:59