പിലാച്ചാല്‍ കോളനിയില്‍ കടുത്ത കുടിവെള്ളക്ഷാമം
വെള്ളമുണ്ട പിലാച്ചാല്‍ കോളനിയില്‍ കുടിവെള്ളത്തിന് കടുത്ത ബുദ്ധിമുട്ട് നേരിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അധികൃതരോട് പറഞ്ഞു മടുത്ത് പതിനഞ്ചോളം കുടുംബങ്ങള്‍.ഇവര്‍ക്കായി കുടിവെള്ള പദ്ധതികള്‍ തുടങ്ങിയിരുന്നെങ്കിലും ഇതുകൊണ്ട് ചില തല്‍പ്പരകക്ഷികളുടെയും കരാറുകാരുടെയും, കീശ വീര്‍പ്പിക്കാന്‍ സാധിച്ചു എന്നതിനപ്പുറം കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. കോളനിയിലെ വീട്ടുമുറ്റത്ത് എല്ലാം പൈപ്പ് കണക്ഷനുകള്‍ കാണാം ഇതെല്ലാം ഓരോ കാലങ്ങളില്‍ കോളനിക്കാര്‍ക്ക് കുടിവെള്ളത്തിനായി സ്ഥാപിച്ചതാണ്.നോക്കുകുത്തി പോലെ നില്‍ക്കുന്നതല്ലാതെ ഇതുകൊണ്ട് ഇവര്‍ക്ക് ഒരു ഉപകാരവും ഇല്ല. വലിയ ടാങ്കും കോളനിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ടാങ്ക് പൈപ്പ് കണക്ഷനും ഉണ്ടായിട്ടും കിലോമീറ്ററോളം താണ്ടിവേണം ഇവര്‍ കുടിവെള്ളം ശേഖരിക്കാന്‍. കുത്തനെയുള്ള കയറ്റം കയറി കുടിവെള്ളം എത്തിക്കുന്നതിനാല്‍ വീട്ടമ്മമാര്‍ എല്ലാം നടുവേദനയുടെ പിടിയിലാണ്. എല്ലാം ശരിയാക്കാം എന്ന അധികൃതരുടെ ഉറപ്പ് ഈ കോളനിക്കാര്‍ കേട്ടുമടുത്തു. മന്ത്രിയടക്കം ഈ കോളനിയിലെത്തി മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നതായി ഇവര്‍ അമര്‍ഷത്തോടെ പറയുന്നുണ്ട്.ആദിവാസി വിഭാഗങ്ങള്‍ക്കായി കോടികള്‍ ചിലവഴിക്കുമ്പോള്‍ ആണ് ഇവരുടെ ഈ ദയനീയാവസ്ഥ.