സിസ്റ്റര്‍ ലൂസിയുടെ അന്ത്യാപേക്ഷ വത്തിക്കാന്‍ നിരാകരിച്ചു
മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വത്തിക്കാന് നല്‍കിയ അപേക്ഷയില്‍ സിസ്റ്റര്‍ ലൂസിക്ക് തിരിച്ചടി.അപേക്ഷ തളളിയെന്ന് കാണിക്കുന്ന ഔദ്യോഗിക കത്ത് സിസ്റ്റര്‍ ലൂസിക്ക് ലഭിച്ചു.വത്തിക്കാന് നല്‍കിയ അവസാന അപേക്ഷയാണ് നിരാകരിച്ചത് .ഇനി സിസ്റ്റര്‍ ലൂസിക്ക് വത്തിക്കാന് വിശദീകരണം നല്‍കാനാകില്ല. നിയമപോരാട്ടം തുടരുമെന്നും മഠത്തില്‍ തന്നെ തുടരുമെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
കാരയ്ക്കാമലയിലെ മഠത്തില്‍ സന്യാസി ജീവിതം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്‍കിയ രണ്ടാം അപേക്ഷയാണ് വത്തിക്കാന്‍ തളളിയത്.ലാറ്റിന്‍ ഭാഷയിലുളള കത്തില്‍ തുടക്കത്തില്‍ തന്നെ സിസ്റ്റര്‍ നല്‍കിയ അപേക്ഷ പൂര്‍ണ്ണമായി തളളുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ലൂസിക്ക് മഠത്തില്‍ തുടരുന്നത് പ്രതിസന്ധിയാകും.എന്നാല്‍ മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് സിസ്റ്റര്‍ ലൂസിയുടെ നിലപാട്.വത്തിക്കാന്‍ തീരുമാനം ഏകപക്ഷീയമാണ്.മഠത്തില്‍ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകള്‍ തന്നോട് പെരുമാറുന്നതെന്നും താന്‍ നല്‍കിയ പരാതികളില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് അവസാന പ്രതീക്ഷയായിരുന്ന അപേക്ഷയും വത്തിക്കാന്‍ തളളിയത്.മാനന്തവാടി മുന്‍സിഫ് കോടതിയില്‍ സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജി പ്രകാരം മഠത്തില്‍ തുടരാമെങ്കിലും സഭാ നിലപാട് സിസ്റ്ററെ ആശങ്കപ്പെടുത്തുന്നതാണ്.കത്ത് പഠിച്ച ശേഷം സഭയും വിഷയത്തില്‍ നിലപാടറിയിക്കും.