റോബിന്‍ വടക്കുംചേരിയെ മാര്‍പാപ്പ നീക്കംചെയ്തു

0

മാനന്തവാടി രൂപതാ വൈദീകനായിരുന്ന റോബിന്‍ വടക്കുംചേരിയെ വൈദീക വൃത്തിയില്‍ നിന്ന് നീക്കം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈഗീകമായി ദുരുപയോഗം ചെയ്തതിന് അറസ്റ്റിലാവുകയും തലശ്ശേരി പോക്‌സോ കോടതി ശിക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സഭാ നടപടി. ഇതു സംബന്ധിച്ച മാര്‍പാപ്പയുടെ ഡിക്രി മാനന്തവാടി രൂപതാ കാര്യാലയം വഴി കൈപ്പറ്റി റോബിന്‍ വടക്കുംചേരി ഒപ്പിട്ടു സ്വീകരിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടനെ തന്നെ പ്രാഥമികാന്വേഷണം നടത്തി 2017 ഫെബ്രുവരി 27-ന് വൈദികപദവിയില്‍ നിന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു. പ്രസ്തുത സംഭവങ്ങളെപ്രതി വിശദമായ അന്വേഷണവും പഠനവും നടത്തുന്നതിന് 2017 ഫെബ്രുവരി 27-ന് തന്നെ നിയമിക്കുകയും 2017 മാര്‍ച്ചില്‍ത്തന്നെ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കാനോനികമായ എല്ലാ നടപടിക്രമങ്ങളും സഭാനിയമപ്രകാരം റോമിലെ വിശ്വാസതിരുസംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടത്തിയിരുന്നത്. റിപ്പോര്‍ട്ട് വിശ്വാസതിരുസംഘത്തിന് കൈമാറി. സിവില്‍നിയമപ്രകാരം വിചാരണ നേരിട്ട റോബിന്‍ വടക്കുംചേരിക്ക് തലശ്ശേരി പോക്‌സോ കോടതി 2019 ഫെബ്രുവരി 19-ന് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചു. വിധിയുടെ വെളിച്ചത്തില്‍ സഭാപരമായി ചെയ്യേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ വിശദവിവരങ്ങള്‍ 2019 ഏപ്രില്‍ 9-ന് റോമില്‍ വിശ്വാസതിരുസംഘത്തിന് സമര്‍പ്പിച്ചു. അവയുടെയെല്ലാം വെളിച്ചത്തില്‍ 2019 ജൂണ്‍ 21-ന് കക്ഷിയെ വൈദികവൃത്തിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ റോമില്‍ ആരംഭിച്ചു. വിശ്വാസതിരുസംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2019 ഡിസംബര്‍ 5-ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്ന് – വൈദികജീവിതാന്തസ്സിന്റെ എല്ലാ കടമകളില്‍ നിന്നും അവകാശങ്ങളില്‍ നിന്നും – എന്നേക്കുമായി നീക്കം ചെയ്തു. വൈദികരെ വൈദികാന്തസ്സില്‍ നിന്ന് എന്നന്നേക്കുമായി പുറത്താക്കാനുള്ള അധികാരം മാര്‍പ്പാപ്പാക്ക് മാത്രമാണ് ഉള്ളത്. 2020 ഫെബ്രുവരി മാസത്തില്‍ പ്രസ്തുത ഡിക്രി മാനന്തവാടി രൂപതാ കാര്യാലയം വഴി റോബിന്‍ വടക്കുംചേരി കൈപ്പറ്റിയതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഡിക്രി ഒപ്പിട്ടു സ്വീകരിച്ചുവെന്ന ഔദ്യോഗികരേഖ റോമിലേക്ക് അയക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!