വനപാതയോരങ്ങളിലും വനത്തിലും മാലിന്യം കുന്നുകൂടുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിച്ച് വനംവകുപ്പ്. സുല്‍ത്താന്‍ ബത്തേരി പാട്ടവയല്‍ റോഡില്‍ മുണ്ടകൊല്ലി മുതല്‍ അതിര്‍ത്തിവരെയും,വനത്തിലുമാണ് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുന്നത്.
വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുന്ന പാട്ടവയല്‍ റോഡിന്റെ അരികിലും, വനത്തിലുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നത്. മുണ്ടകൊല്ലി മുതല്‍ സംസ്ഥാന അതിര്‍ത്തിവരെ പാതക്കിരുവശവും വനത്തിലുമായി ചാക്കില്‍ കെട്ടിയും വലിച്ചെറിഞ്ഞ നിലയിലുമാണ് മാലിന്യം കുമിഞ്ഞുകൂടികിടക്കുന്നത്. വീ്ട്ടില്‍ നിന്നും, വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഇത്തരത്തില്‍ രാത്രിയുടെ മറവില്‍ ഇവിടങ്ങളില്‍ തള്ളുന്നത്. ഈ മാലിന്യങ്ങള്‍ കാരണം വന്യമൃഗങ്ങള്‍ പാതയോരങ്ങളിലേക്ക് വരാനും ഇത് അപകടങ്ങള്‍ക്കും കാരണമാകും. എന്നിട്ടും മാലിന്യങ്ങള്‍ വനത്തിലും, വനപാതയോരങ്ങളിലും തള്ളുന്നത് തടയാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ വനംവകുപ്പ് തയ്യാറാവുന്നില്ലന്ന പരാതിയാണ് ഉയരുന്നത്.